അവസാന കടമ്പയായ ഇംഗ്ലണ്ടിലും സെഞ്ചുറി തികച്ചതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി എലൈറ്റ് ക്ലബ്ബില്‍. ടെസ്റ്റ് കളിക്കുന്ന ഏഴ് രാജ്യങ്ങളില്‍ സെഞ്ചുറിയെന്ന റെക്കോര്‍ഡാണ് കോലിയുടെ പേരിലായത്. ഇന്ത്യന്‍ താരങ്ങളില്‍ രാഹുല്‍ ദ്രാവിഡ്(10 രാജ്യങ്ങളില്‍), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(9) എന്നിവരാണ് കോലിയുടെ മുന്‍ഗാമികള്‍. 

ലണ്ടന്‍: അവസാന കടമ്പയായ ഇംഗ്ലണ്ടിലും സെഞ്ചുറി തികച്ചതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി എലൈറ്റ് ക്ലബ്ബില്‍. ടെസ്റ്റ് കളിക്കുന്ന ഏഴ് രാജ്യങ്ങളില്‍ സെഞ്ചുറിയെന്ന റെക്കോര്‍ഡാണ് കോലിയുടെ പേരിലായത്. ഇന്ത്യന്‍ താരങ്ങളില്‍ രാഹുല്‍ ദ്രാവിഡ്(10 രാജ്യങ്ങളില്‍), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(9) എന്നിവരാണ് കോലിയുടെ മുന്‍ഗാമികള്‍.

ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ പതിനഞ്ചാം സെഞ്ചുറിയായിരുന്നു ഇംഗ്ലണ്ടെനിതിരെ നേടിയത്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത്(25), ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ് എന്നിവര്‍ മാത്രമാണ് ഈ നേട്ടത്തില്‍ കോലിക്ക് മുന്നിലുള്ളത്.

ടെസ്റ്റില്‍ 7000 റണ്‍സ് തികച്ച കോലി ക്യാപ്റ്റനെന്ന നിലയില്‍ അതിവേഗം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്സ്മാനായി. 124 ഇന്നിംഗ്സുകളില്‍ നിന്നാണ് കോലിയുടെ നേട്ടം. 164 ഇന്നിംഗ്സില്‍ ഈ നേട്ടത്തിലെത്തിയ ബ്രയാന്‍ ലാറയെ ആണ് കോലി പിന്നിലാക്കിയത്.

സെഞ്ചുറിയുമായി കോലി പുതിയ ചരിത്രമെഴുതിയപ്പോള്‍ മുന്‍ ഇംഗ്ലീഷ് നായകന്‍ അലിസ്റ്റര്‍ കുക്കിനെ തേടിയെത്തിയത് നാണക്കേടിന്റെ റെക്കോര്‍ഡായിരുന്നു. ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും അശ്വിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് കുക്ക് പുറത്തായത്. 157 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള കുക്കിന്റെ കരിയറില്‍ ആദ്യമായാണ് ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും ബൗള്‍ഡാവുന്നത്.

ഒമ്പതാം തവണയാണ് കുക്കിനെ അശ്വിന്‍ പുറത്താക്കുന്നത്. അശ്വിന്റെ കരിയറില്‍ ഒരു ബാറ്റ്സ്മാനെ ഏറ്റവും കൂടുതല്‍ പുറത്താക്കുന്നതിന്റെ റെക്കോര്‍ഡിനൊപ്പമാണിത്. ഡേവിഡ് വാര്‍ണറെയും അശ്വിന്‍ ഒമ്പത് തവണ പുറത്താക്കിയിട്ടുണ്ട്.

1967നുശേഷം ആദ്യമായാണ് ഇംഗ്ലണ്ടില്‍ ഒരു ഇന്ത്യന്‍ സ്പിന്നര്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്നത്. 1967ല്‍ ബിഷന്‍ സിംഗ് ബേദിയായിരുന്നു അവസാനമായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത ഇന്ത്യന്‍ സ്പിന്നര്‍. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇത് രണ്ടാം തവണ മാത്രമാണ് ഒരു സ്പിന്നര്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്നത്. 2016ല്‍ ശ്രീലങ്കയുടെ രങ്കണാ ഹെറാത്തും ബൗളിംഗ് ഓപ്പണ്‍ ചെയ്തിരുന്നു.