ലോര്‍ഡ്സ്: ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം വിക്കറ്റ് മഴ. ആദ്യ ദിനം ഇരു ടീമുകളുടേതായി വീണത് 14 വിക്കറ്റുകള്‍. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 123 റണ്‍സില്‍ അവസാനിച്ചുവെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യം ദിനം കളി നിര്‍ത്തുമ്പോള്‍ 46 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായി. 13 റണ്‍സ് വിതമെടുത്ത് സ്റ്റോക്സും മലനുമാണ് ക്രീസില്‍.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ബെന്‍ സ്റ്റോക്സിന്റെ ആറ് വിക്കറ്റ് പ്രകടനത്തിന് മുന്നിലാണ് തകര്‍ന്നടിഞ്ഞത്. 78/2 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് 123 റണ്‍സിന് വിന്‍ഡീസ് ഓള്‍ ഔട്ടായത്. 39 റണ്‍സെടുത്ത കീറോണ്‍ പവലും 29 റണ്‍സെടുത്ത ഹോപ്പുമാണ് വിന്‍ഡീസിനെ 100 കടത്തിയത്. റോസ്റ്റന്‍ ചേസ് 18ഉം ബിഷൂ 13ഉം റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി സ്റ്റോക്സ് 22 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തപ്പോള്‍ ആന്‍ഡേഴ്സണും റോളണ്ട് ജോണ്‍സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

വിന്‍ഡീസിനെ കുറഞ്ഞ സ്കോറില്‍ പുറത്താക്കിയതിന്റെ ആവേശത്തിലിറങ്ങിയ ഇംഗ്ലീഷുകാരെ ഞെട്ടിച്ചാണ് വിന്‍ഡീസും തുടങ്ങിയത്. 10 റണ്‍സെടുത്ത കുക്ക്, ഒരു റണ്ണെടുത്ത സ്റ്റോണ്‍മാന്‍, എട്ടു റണ്‍സെടുത്ത വെസ്റ്റ്‌ലി, ഒരു റണ്ണെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ട് എന്നിവരെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഒരു ഘട്ടത്തില്‍ 24/4 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. വിന്‍ഡീസിനായി ഹോള്‍ഡറും റോച്ചും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.