ഇംഗ്ലണ്ടിന് വേണ്ടി ഏകദിന നായകന്‍ മോർഗൻ (92), ടെസ്റ്റ് നായകന്‍ ജോ റൂട്ട് (71) എന്നിവരാണ് മികച്ചപ്രകടനം നടത്തിയത്. ലസിത് മലിംഗയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തെ അതിജീവിച്ചാണ് ഇംഗ്ലണ്ട് മാന്യമായ സ്കോര്‍ നേടിയത്
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് 31 റണ്‍സിന്‍റെ ജയം. മഴ വില്ലനായെത്തിയെങ്കിലും ഇംഗ്ലണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു. ഡക്വർത്ത് ലൂയിസ് നിയമപ്രകാരമാണ് ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിച്ചത്.
ഇംഗ്ലണ്ട് ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് നേടിയപ്പോള്‍ ലങ്കയുടെ മറുപടി 29 ഓവറിൽ 140/5 എന്ന നിലയിൽ അവസാനിച്ചു. തോല്‍വിയില്‍ നിന്ന് കരകയറാന്‍ ലങ്ക ശ്രമിക്കുന്നതിനിടെ മഴ എത്തുകയായിരുന്നു. പിന്നീട് പന്തെറിയാന്‍ പറ്റാത്ത അവസ്ഥയായതോടെയാണ് ഇംഗ്ലണ്ടിന് ഡക്വര്‍ത്ത് നിയമം രക്ഷയായത്.
ഇംഗ്ലണ്ടിന് വേണ്ടി ഏകദിന നായകന്‍ മോർഗൻ (92), ടെസ്റ്റ് നായകന്‍ ജോ റൂട്ട് (71) എന്നിവരാണ് മികച്ചപ്രകടനം നടത്തിയത്. ലസിത് മലിംഗയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തെ അതിജീവിച്ചാണ് ഇംഗ്ലണ്ട് മാന്യമായ സ്കോര്‍ നേടിയത്.
ലക്ഷ്യം തേടിയിറങ്ങിയ ലങ്കയുടെ സ്കോർ ബോർഡ് തുറക്കും മുൻപ് ഉപുൽ തരംഗ കൂടാരം കയറി. നിരോഷൻ ഡിക്‌വെല്ല , നായകന്‍ ദിനേശ് ചാണ്ഡിമൽ എന്നിവരും പിന്നാലെ മടങ്ങി. ഇംഗ്ലണ്ടിന് വേണ്ടി ഓള്‍റൗണ്ടര്‍ ക്രിസ് വോക്സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മോർഗനാണ് കളിയിലെ താരം. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നതിനാല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ മുന്നിലാണിപ്പോള്‍.
