ആരാധകരുടെ ഹൃദയം കീഴടക്കും സച്ചിന്‍റെ ഈ വാക്കുകള്‍. രണ്ട് ലോകകപ്പ് വിജയങ്ങളിലേക്ക് ഇന്ത്യയെ നയിച്ച താരത്തെ ആദരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍...
മുംബൈ: ഒന്നര പതിറ്റാണ്ട് നീണ്ട അന്താരാഷ്ട്ര കരിയറിനൊടുവില്‍ ഇന്നലെയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ വിരമിച്ചത്. ഇന്ത്യക്ക് 2007 ടി20 ലോകകപ്പ്, 2011 ഏകദിന കിരീടങ്ങള്‍ സമ്മാനിച്ച താരമാണ് ഗംഭീര്‍. അവിസ്‌മരണീയമായ കരിയറിനൊടുവില്‍ പാഡഴിച്ച ഗംഭീറിന് ആശംസാപ്രവാഹമാണ് സമൂഹമാധ്യമങ്ങളില്‍. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും മുന്‍ സഹതാരത്തിന് ആശംസകള്‍ കൈമാറി.
ഗംഭീറിനെ കുറിച്ച് മനോഹര വിശേഷണങ്ങളോടെയായിരുന്നു സച്ചിന്‍റെ ട്വീറ്റ്. "അവിസ്‌മരണീയ കരിയറിന് ഗംഭീറിന് അഭിനന്ദനങ്ങള്‍. ഇന്ത്യക്ക് ലോകകപ്പ് കിരീടങ്ങള്‍ സമ്മാനിച്ച 'സവിശേഷ പ്രതിഭ'യാണ് താങ്കള്‍. നേപ്പിയറില്‍ താങ്കള്‍ക്കൊപ്പമുള്ള ഇന്നിംഗ്സ് ഏറെ പ്രത്യേകതയുള്ളതാണ്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള രണ്ടാം ഇന്നിംഗ്സ് ആസ്വദിക്കുക"- സച്ചിന്‍ കുറിച്ചു.
ടെസ്റ്റ്- ടി20 റാങ്കിംഗുകളില്‍ ഒന്നാം നമ്പര്‍ ബാറ്റ്സ്‌മാനായിരുന്നിട്ടും ഗംഭീറിന് ഫോം നിലനിര്‍ത്താനായില്ല. ഇതോടെ ഇന്ത്യന്‍ ടീമിലെ സ്ഥിരം സീറ്റില്‍ നിന്ന് ദില്ലി താരം പുറത്താവുകയായിരുന്നു. മുപ്പത്തിയേഴുകാരനായ ഗംഭീര്‍ 2016ല്‍ ഇംഗ്ലണ്ടിനെതിരെയാണ് അവസാനമായി രാജ്യാന്തര മത്സരം കളിച്ചത്. 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഗംഭീറിന്‍റെ സമ്പാദ്യം.
