ഹസാര്‍ഡിന്‍റെ മികവില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ബ്രൈറ്റണിനെ ചെല്‍സി തോല്‍പ്പിച്ചു. തുടര്‍ച്ചയായി 22 മത്സരങ്ങള്‍ക്കൊടുവില്‍ ആഴ്‌സണലിന് ആദ്യ തോല്‍വി...

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ചെല്‍സിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളിന് ബ്രൈറ്റണിനെ ചെല്‍സി തോല്‍പ്പിച്ചു. ഈഡന്‍ ഹസാര്‍ഡിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ചെല്‍സിക്ക് ജയമൊരുക്കിയത്. പതിനേഴാം മിനിറ്റില്‍ പെ‍ഡ്രോയിലൂടെ ചെല്‍സി മുന്നിലെത്തി. 33-ാം മിനിറ്റില്‍ ഹസാര്‍ഡ് ലീഡുയര്‍ത്തി. അറുപത്തിയാറാം മിനിറ്റില്‍ മാര്‍ച്ചിന്‍റെ വകയായിരുന്നു ആശ്വാസഗോള്‍.

ഇതേദിവസം ആഴ്സനലിന്‍റെ അപരാജിതകുതിപ്പിന് അന്ത്യം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആഴ്സനലിനെ സതാംപ്ടണ്‍ ഞെട്ടിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ജയം. 85-ാം മിനിറ്റില്‍ ചാര്‍ലി ഓസ്റ്റിനാണ് നിര്‍ണായകഗോള്‍ നേടിയത്.

തോല്‍വിയറിയാതെ തുടര്‍ച്ചയായി 22 മത്സരങ്ങള്‍ക്കൊടുവിലാണ് ആഴ്സനല്‍ കീഴടങ്ങുന്നത്. ഡാനി ഇംഗ്സ് സതാംപ്ടണിനായി ഇരട്ടഗോള്‍ നേടി. ആഴ്സനലിന്‍റെ രണ്ട് ഗോളും നേടിയത് ഹെന്‍റിക് ആണ്. 15 മത്സരങ്ങള്‍ക്കിടെ സതാംപ്ടണിന്‍റെ ആദ്യജയമാണിത്. കഴിഞ്ഞ സെപ്റ്റംബറിലാണ് സതാംപ്ടന്‍ ഇതിന് മുന്‍പ് ജയിച്ചത്.