മാ‌ഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോൽവി. ക്രിസ്റ്റൽ പാലസ് രണ്ടിനെതിരെ മൂന്ന് ഗോളിന് സിറ്റിയെ അട്ടിമറിച്ചു. ഹോം ഗ്രൗണ്ടിലാണ് സിറ്റിക്ക് അടിതെറ്റിയത്. 

ഇരുപത്തിയേഴാം മിനിറ്റില്‍ ഗുണ്ടോഗന്‍റെ ഗോളില്‍ മുന്നിലെത്തിയ ശേഷമാണ് സിറ്റിക്ക് തിരിച്ചടിയേറ്റത്. 33-ാം മിനിറ്റില്‍ ജെഫ്രി ഷ്‍‍ലുപ്പ്, 35-ാം മിനിറ്റിൽ ആന്‍ഡ്രോസ് ടൗൺസെന്‍ഡ് എന്നിവരുടെ ഗോളില്‍ ക്രിസ്റ്റല്‍ പാലസ് മുന്നിലെത്തി. 51-ാം മിനിറ്റില്‍ ലൂക്കാ മിലിവോയെവിച്ചിന്‍റെ ഗോളോടെ ക്രിസ്റ്റല്‍ ലീഡുയര്‍ത്തി.

എണ്‍പത്തിയഞ്ചാം മിനിറ്റില്‍ കെവിന്‍ ഡി ബ്രുയിന്‍ ഒരു ഗോള്‍ മടക്കിയെങ്കിലും സീസണിലെ രണ്ടാം തോൽവി ഒഴിവാക്കാന്‍ സിറ്റിക്ക് കഴിഞ്ഞില്ല. ലിവര്‍പൂള്‍ ഒന്നാമതും സിറ്റി രണ്ടാം സ്ഥാനത്തും തുടരും. ലിവര്‍പൂളിനേക്കാള്‍ നാല് പോയിന്‍റ് പിന്നിലാണ് സിറ്റി ഇപ്പോള്‍.