ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിയെ ഞെട്ടിച്ച് വോള്‍വ്സിന് മിന്നുന്ന ജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് വോള്‍വ്സ് ചെല്‍സിയെ തോല്‍പിച്ചത്. വോള്‍വ്സ് മൈതാനത്ത് 18-ാം മിനുട്ടില്‍ ചെല്‍സിയാണ് ആദ്യം ഗോള്‍ നേടിയത്. റൂബന്‍ ലോഫ്റ്റസ് ചീക്ക് ആയിരുന്നു സ്കോറര്‍.

രണ്ടാം പകുതിയില്‍ കിട്ടിയ രണ്ട് അവസരങ്ങളും ഗോളാക്കിയ വോള്‍വ്സ് ജയം പിടിച്ചെടുത്തു. 59, 63 മിനുട്ടുകളിലായിരുന്നു ഗോളുകള്‍. കളിയുടെ 71 ശതമാനം സമയവും പന്ത് കൈവശം വച്ചെങ്കിലും ചെല്‍സിക്ക് തോല്‍വി ഒഴിവാക്കാനായില്ല. 31 പോയിന്‍റുള്ള ചെല്‍സിയാണ് ലീഗിള്‍ ഇപ്പോള്‍ നാലാമത്.

മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ ബേണ്‍ലിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചു. 54-ാം മിനുട്ടില്‍ ജാക്ക് കോര്‍ക്കിന്‍റെ ഗോളിലൂടെ ബേണ്‍ലിയാണ് ആദ്യം മുന്നിലെത്തിയത്. 62-ാം മിനുട്ടില്‍ ജെയിംസ് മില്‍നര്‍ നേടിയ ഗോളിലൂടെ ലിവര്‍പൂള്‍ ഒപ്പമെത്തി. 69-ാം മിനുട്ടില്‍ ബ്രസീലിയന്‍ താരം റോബര്‍ട്ടോ ഫിര്‍മിനോ ലീഡുയര്‍ത്തി. ഇഞ്ചുറിടൈം ഗോളിള്‍ ഷെര്‍ദാന്‍ ഷാഖിരി പട്ടിക പൂര്‍ത്തിയാക്കി. 39 പോയിന്‍റുമായി ലീഗില്‍ രണ്ടാമതാണ് ലിവര്‍പൂള്‍.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനംഹോട്ട്സ്പറിന് മിന്നുന്ന ജയം. സതാംപ്റ്റണെ ഒന്നിനെതിരെ മൂന്ന് ഗോളിന് ടോട്ടനം തോല്‍പിച്ചു. ഒന്‍പതാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ആണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 51-ാം മിനുട്ടില്‍ ലൂക്കാസ് മൗറയും 55-ാം മിനുട്ടില്‍ സണ്‍ ഹ്യു മിന്നും ലീഡുയര്‍ത്തി. ഇഞ്ചുറി ടൈമില്‍ ചാ‌ര്‍ളി ഓസ്റ്റിന്‍ ആണ് സതാംപ്റ്റണിന്‍റെ ആശ്വാസ ഗോള്‍ നേടിയത്.