ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് പിന്നാലെ നാലാം ജയം സ്വന്തമാക്കി ചെല്‍സി. ബോൺമൗത്തിനെ 2-0ന് പരാജയപ്പെടുത്തി. 

ചെല്‍സി: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവര്‍പൂളിന് പിന്നാലെ ചെൽസിക്കും തുടർച്ചയായ നാലാം ജയം. ചെൽസി എതിരില്ലാത്ത രണ്ട് ഗോളിന് ബോൺമൗത്തിനെ തോൽപിച്ചു. രണ്ടാം പകുതിയിൽ പെഡ്രോയും(72), എഡൻ ഹസാർഡും(85) നേടിയ ഗോളുകൾക്കാണ് ചെൽസിയുടെ ജയം. ഇതോടെ സീസണിലെ ആദ്യ നാല് കളിയും ജയിക്കുന്ന ചെൽസിയുടെ ആറാമത്തെ പരിശീലകനെന്ന നേട്ടം മൗറീസിയോ സാറി സ്വന്തമാക്കി. ശനിയാഴ്‌ച്ച കാര്‍ഡിഫ് സിറ്റിക്കെതിരെയാണ് ചെല്‍സിയുടെ അടുത്ത മത്സരം. 

നേരത്തെ ലിവർപൂൾ ഒന്നിനെതിരെ രണ്ട് ഗോളിന് മുന്‍ ചാമ്പ്യൻമാരായ ലെസ്റ്റർ സിറ്റിയെ തോൽപിച്ചു. ഒന്നാം പകുതിയിൽ സാദിയോ മാനോയും റോബർട്ടോ ഫിർമിനോയും നേടിയ ഗോളുകൾക്കാണ് ലിവർപൂളിന്‍റെ ജയം. ലിവർപൂൾ ഗോളി അലിസന്‍റെ പിഴവിൽ നിന്നായിരുന്നു ലെസ്റ്റർ സിറ്റിയുടെ ഏക ഗോള്‍. അടുത്ത ശനിയാഴ്ച ടോട്ടനത്തിനെതിരെയാണ് ലിവ‍ർപൂളിന്‍റെ അടുത്ത മത്സരം.