ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മെസ്യൂട്ട് ഓസില്‍ ചരിത്ര നേട്ടത്തില്‍. ലെസ്റ്റര്‍ സിറ്റിക്കെതിരെ വലകുലുക്കിയതോടെ പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ ഗോള്‍ അടിക്കുന്ന ജര്‍മന്‍ താരമായി ഓസില്‍ മാറി‍...  

ആഴ്‌സണല്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അസിസ്റ്റുകളുടെ രാജകുമാരന്‍ മെസ്യൂട്ട് ഓസിലിന് റെക്കോര്‍ഡ്. ലെസ്റ്റര്‍ സിറ്റിക്കെതിരെ ലക്ഷ്യം കണ്ടതോടെ പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ ഗോള്‍ നേടുന്ന ജര്‍മന്‍ താരമായി ഓസില്‍. 29 ഗോളുകള്‍ നേടിയിട്ടുള്ള ഇതിഹാസ താരങ്ങളായ ക്ലിന്‍സ്‌മാന്‍, റോസ്‌ലര്‍ എന്നിവരെ മറികടന്ന ഓസില്‍ തന്‍റെ ഗോള്‍വേട്ട മുപ്പതിലെത്തിച്ചു. 

ലെസ്റ്ററിനെതിരെ 45-ാം മിനുറ്റിലായിരുന്നു ഓസിലിന്‍റെ ചരിത്ര ഗോള്‍. ഓസിലിന്‍റെ അവസാന നാല് പ്രീമിയര്‍ ലീഗ് മത്സരങ്ങളിലെ മൂന്നാം ഗോള്‍ കൂടിയാണിത്. മത്സരത്തില്‍ ഒബമയാംഗ് ഇരട്ട ഗോളും നേടിയപ്പോള്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആഴ്‌സണല്‍ തകര്‍പ്പന്‍ ജയം നേടി. ഇതുവരെ 32 ജര്‍മന്‍ താരങ്ങള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വലകുലുക്കിയിട്ടുണ്ട്.