ചെറിയ ഇടവേളയ്ക്ക് ശേഷം പ്രീമിയര്‍ ലീഗിലും സ്‌പാനിഷ് ലീഗിലും നാളെ മത്സരങ്ങള്‍. സൂപ്പര്‍ ടീമുകള്‍ കളിക്കളത്തില്‍. 

മാഞ്ചസ്റ്റര്‍: യുവേഫ നേഷൻസ് ലീഗിന്‍റെ ഇടവേളയ്ക്ക് ശേഷം യൂറോപ്യൻ ക്ലബ് ഫുട്ബോളിന് നാളെ തുടക്കം. പ്രീമിയർ ലീഗിലും സ്പാനിഷ് ലീഗിലും പ്രമുഖ ടീമുകൾക്ക് നാളെ കളിയുണ്ട്. പ്രീമിയർ ലീഗിൽ ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ടോട്ടനം തുടങ്ങിയവർ നാളെ പോരിനിറങ്ങും. 

വൈകിട്ട് അഞ്ചിന് ലിവ‍ർപൂളിനെ ടോട്ടനം നേരിടും. നാലുകളിയിൽ നാലും ജയിച്ച ലിവർപൂൾ ലീഗിൽ ഒന്നാം സ്ഥാനത്താണ്. സാദിയോ മാനേയുടെയും മുഹമ്മദ് സലായുടെയും സ്കോറിംഗ് മികവിലാണ് ലിവർപൂളിന്‍റെ കുതിപ്പ്. ഒൻപത് പോയിന്‍റുള്ള ടോട്ടനം അഞ്ചാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഫുൾഹാമാണ് എതിരാളി. മത്സരം വൈകിട്ട് ഏഴരയ്ക്കാണ്. പത്ത് പോയിന്‍റുള്ള പെപ് ഗാർഡിയോളയുടെ സിറ്റി നാലാം സ്ഥാനത്താണ്. ഫുൾഹാം പതിമൂന്നാം സ്ഥാനത്തും.

ഇതേസമയം തന്നെ കാർഡിഫ് സിറ്റിയെ ചെല്‍സിയും ന്യൂകാസിലിനെ ആഴ്സനലും നേരിടും. നാല് കളിയും ജയിച്ചെങ്കിലും ഗോൾശരാശരിയിൽ രണ്ടാം സ്ഥാനത്താണ് ചെൽസി. രണ്ട് ജയവും രണ്ട് തോൽവിയുമായി ആഴ്സനൽ ഒൻപതാമതും. പത്താം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് വാറ്റ്ഫോർഡുമായി ഏറ്റുമുട്ടും. രാത്രി പത്തിനാണ് മത്സരം. മറ്റ് മത്സരങ്ങളിൽ ബോൺമൗത്തിനെ ലെസ്റ്റർ സിറ്റിയും ഹഡേഴ്സ് ഫീൽഡിനെ ക്രിസ്റ്റൽ പാലസും നേരിടും. 

സ്പാനിഷ് ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ ബാഴ്സലോണയ്ക്ക് റയൽ സോസിഡാഡാണ് എതിരാളി. വൈകിട്ട് 7.45നാണ് മത്സരം. റയൽ മാഡ്രിഡ്- അത്‍ലറ്റിക്കോ ബിൽബാവോ പോരാട്ടം രാത്രി പന്ത്രേണ്ടേകാലിന് നടക്കും. നാലരയ്ക്ക് ഐബിറിനെ അത്‍ലറ്റിക്കോ മാഡ്രിഡും പത്തിന് റയൽ ബെറ്റിസിനെ വലയൻസിയയും നേരിടും.