പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ചെൽസിയും കളിക്കളത്തില്‍. ലാലിഗയില്‍ മാഡ്രിഡ് ടീമുകള്‍ക്ക് ഇന്ന് പോരാട്ടം. 

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ചെൽസിയും ഇന്നിറങ്ങും. മാഞ്ചസ്റ്റർ സിറ്റി രാത്രി പത്തിന്
ന്യൂകാസിൽ യുണൈറ്റഡിനെ നേരിടും. ഒരുകളി സമനില വഴങ്ങിയ സിറ്റി ഏഴ് പോയിന്‍റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ്. ലിവർപൂൾ വൈകിട്ട് അഞ്ചിന് ലെസ്റ്റർ സിറ്റിയെയും എവർട്ടൻ ഹഡേഴ്സ്ഫീൽഡിനെയും നേരിടും. ചെൽസി- ബോൺമൗത്ത് പോരാട്ടം വൈകിട്ട് ഏഴരയ്ക്കാണ് തുടങ്ങുക.

സ്പാനിഷ് ലീഗ് ഫുട്ബോളിൽ മാഡ്രിഡ് ടീമുകൾ ഇന്ന് മൂന്നാം റൗണ്ട് മത്സരത്തിനിറങ്ങുന്നു. റയൽ മാഡ്രിഡ് ലെഗാനസിനെയും, അത്‍ലറ്റിക്കോ മാഡ്രിഡ് സെൽറ്റാ വിഗോയെയും നേരിടും. തുടര്‍ച്ചയായ മൂന്നാം ജയം തേടിയാണ് റയലിന്‍റെ വരവ്. എന്നാല്‍ ലെഗാനസിന് ഒരു തോല്‍വിയും സമനിലയുമാണ് ഇതുവരെയുള്ളത്. അതേസമയം അത്‌ലറ്റിക്കോയ്ക്കും സെല്‍റ്റാ വിഗോയ്ക്കും ഓരോ ജയവും സമനിലയും വീതമാണുള്ളത്.