ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ലിവര്‍പൂളിന് ജയം. ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ തോല്‍പിച്ചത്. തോല്‍വിയോടെ ലീഗില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള ചെല്‍സിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. ലീഗില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടിറങ്ങിയ നീലപ്പടക്ക് പക്ഷെ സ്വന്തം തട്ടകത്തില്‍സമനില പോലും നേടനായില്ല.

തുടക്കം മുതലേ ലിവര്‍പൂള്‍ ആക്രമിച്ച് കളിച്ചപ്പോള്‍ ചെല്‍സി പ്രതിരോധത്തിലായി. 17 ആം മിനിറ്റില്‍ ലോവ്റന്‍ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. 36 ആം മിനിറ്റില്‍ മിന്നും ഗോളുമായി ഹെന്‍ഡേഴ്സന്‍ ലീഡുയര്‍ത്തി. രണ്ടാം പകുതിയുടെ തുടക്കം മെല്ലെയായിരുന്നു. എന്നാല്‍ 61-ആം മിനിറ്റില്‍ ഡീഗോ കോസ്റ്റ തിരിച്ചടിച്ചതോടെ ചെല്‍സി ഉണര്‍ന്നു.

സ്വന്‍സിയക്കെതിരെ കണ്ട പോലെ കോസ്റ്റ രക്ഷകനാകുമെന്ന് ഗാലറിയും പ്രതീക്ഷിച്ചു. പക്ഷെ കൂടുതലൊന്നും സംഭവിച്ചില്ല. 2013ന് ശേഷം ഒരു ക്ലബ് പരിശീലകനെന്ന നിലയില്‍ അന്റോണിയോ കോണ്ടെക്ക് ഹോം മാച്ചിലെ ആദ്യ തോല്‍വി. അഞ്ച് കളിയില്‍നിന്ന് 10 പോയിന്റുള്ള ചെല്‍സി മൂന്നാം സ്ഥാനത്താണ്. 10 പോയിന്റുള്ള ലിവര്‍പൂള്‍ നാലാമതും.