തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പുതിയ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ് വരുന്നു. ഈ സീസണിലെ ഐലീഗില്‍ കളിക്കാന്‍ ലക്ഷ്യമിടുന്ന ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച നടക്കും. പൂര്‍ണമായും വിദേശ ഉടമസ്ഥതയിലുള്ള ആദ്യത്തെ ക്ലബ്ബാണിത്.

ഐ ലീഗില്‍ തിരുവനന്തപുരത്തിന്റെ മേല്‍വിലാസം ആകാന്‍ ലക്ഷ്യമിട്ടാണ് കേരള എവര്‍ഗ്രീന്‍ എഫ് സി എന്ന് പേരിട്ടിരിക്കുന്ന ക്ലബ്ബിന്റെ വരവ്. സിംഗപ്പൂരിലെ മൈ സ്‌പോര്‍ട്സ് മാനേജ്മെന്‍റാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആസ്ഥാനമായി തുടങ്ങുന്ന ക്ലബിന് പിന്നില്‍.

യൂറോപ്പില്‍നിന്നുള്ള പരിശീലകരെയും കളിക്കാരെയും അണിനിരത്തുന്ന ടീമില്‍ കേരള താരങ്ങള്‍ക്കായിരിക്കും പ്രാധാന്യം. കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ വേഴാമ്പലാണ് ടീമിന്റെ ഔദ്യോഗിക ചിഹ്നം. പുതിയ താരങ്ങളെ കണ്ടെത്താനായി കേരള എവര്‍ഗ്രീന്‍ അക്കാദമിയും തുടങ്ങും.