തിരുവനന്തപുരം: ക്രിക്കറ്റില്‍ താരമായി സംസ്ഥാന എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്. എക്സൈസ് സംസ്ഥാന കലാ- കായിക മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തില്‍ തിരുവനന്തപുരം ജില്ലാ ടീം ക്യാപ്റ്റനായി ഋഷിരാജ് സിംഗ് ജഴ്‌സിയണിഞ്ഞു. തൃശൂരുമായുള്ള സെമിയില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത തിരുവനന്തപുരത്തിന്‍റെ ഓപ്പണറായി ഋഷിരാജ് സിങ് ക്രീസിലെത്തി.
പത്ത് ഓവര്‍ ഇന്നിങ്സില്‍ ഏഴ് ഓവറും ബാറ്റ് വീശിയ ഋഷിരാജ് സിങ് 18 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയടക്കം 12 റണ്‍സെടുത്തു. സഹകളിക്കാര്‍ക്ക് അവസരം നല്‍കാനായി റിട്ടയര്‍ഡ് ഹര്‍ട്ട് ആവുകയായിരുന്നു എക്സൈസ് കമ്മീഷണര്‍. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 92റണ്‍സ് നേടിയ തിരുവനന്തപുരം സെമിയില്‍ തൃശൂരിനെ തോല്‍പിച്ചു. ഫൈനലില്‍ കണ്ണൂരിനോട് പരാജയപ്പെട്ടെങ്കിലും രണ്ട് റണ്‍സെടുത്ത് ഔട്ടായ ഋഷിരാജ് സിങ് തന്നെ താരമായി.
