ബംഗളൂരു: ബംഗളൂരു ടെസ്റ്റിലെ ഡിആര്‍എസ് വിവാദത്തില്‍ ഒരു താരത്തിനെതിരെയും നടപടി ഇല്ലാത്തതില്‍ അത്ഭുതമെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസി. രണ്ട് ടീമിലെയും കളിക്കാര്‍ മോശമായി പെരുമാറിയെന്ന ആരോപണം ഉയര്‍ന്നിട്ടും ഐസിസി വെറുതെ ഇരിക്കുകയാണ്. ഓസ്‍ട്രേലിയക്കെതിരായ പരമ്പരയില്‍ തന്നെ ശിക്ഷിക്കാന്‍ കാരണമായ നടപടിയിലും ഗുരുതരമാണ് ബംഗളൂരുവില്‍ സംഭവിച്ചതെന്നും ഡുപ്ലെസി പറ‍ഞ്ഞു.

ഓസ്‍ട്രേലിയന്‍ പര്യടനത്തില്‍ പന്തില്‍ കൃത്രിമം കാട്ടിയതിന് ഡുപ്ലെസിക്ക് ഐസിസി പിഴ ശിക്ഷ വിധിച്ചിരുന്നു. പിഴശിക്ഷയ്ക്കെതിരെ ഡൂപ്ലെസി അപ്പീല്‍ നല്‍കിയെങ്കിലും ഐസിസി തള്ളി. വ്യക്തിപരമായി പറയുകയാണെങ്കില്‍ അന്ന് ഐസിസി തന്നോട് വളരെ കഠിനമായ രീതിയിലാണ് പെരുമാറിയതെന്നും അതുപോലെയോ അതിനേക്കാള്‍ ഗൗരവമുള്ളതോ ആയ കുറ്റങ്ങളോട് അതേനടപടി പ്രതീക്ഷിച്ചുപോവുമെന്നും ഡൂപ്ലെസി പറഞ്ഞു.

അന്ന് ഓസ്ട്രേലിയന്‍ ടീമും പന്തില്‍ തുപ്പലുപയോഗിച്ച് തിളക്കം കൂട്ടാറുണ്ടെന്ന് സമ്മതിച്ചിരുന്നു. എന്നിട്ടും എനിക്കെതിരെ കടുത്ത നടപടിയിലേക്ക് ഐസിസി പോയി. അന്ന് ഓസ്ട്രേലിയന്‍ മാധ്യമള്‍ തനിക്കെതിരെ തിരിഞ്ഞതിനെതിനെതിരെയും ഡൂപ്ലെസി വിമര്‍ശിച്ചു.