ദുബായ്: ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ താന്‍ ഒരിക്കലും അനില്‍ കുംബ്ലെയെ മറികടക്കില്ലെന്ന് അശ്വിന്‍. ടെസ്റ്റില്‍ അനില്‍ കുംബ്ലെയ്ക്ക് 619 വിക്കറ്റുകളാണുള്ളത്. ടെസ്റ്റില്‍ 618 വിക്കറ്റുകള്‍ നേടാന്‍ കഴിഞ്ഞാല്‍ തന്നെ താന്‍ കൃതാര്‍ഥനായെന്നും 618 വിക്കറ്റുകളെടുത്താല്‍ അത് തന്റെ അവസാന ടെസ്റ്റായിരിക്കുമെന്നും ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അശ്വിന്‍ പറഞ്ഞു.
ശ്രീലങ്കയുടെ ഇടംകൈയന്‍ സ്പിന്നല്‍ രങ്കണ ഹെറാത്ത് ആണ് തന്റെ മാതൃകാ പുരുഷന്‍മാരില്‍ ഒരാളെന്നും അശ്വിന്‍ പറഞ്ഞു. ഓരോ മത്സരത്തിലും ഹെറാത്ത് തന്റെ പരിമിതികള്‍ മറികടക്കുന്നത് കണ്ടു പഠിക്കേണ്ട കാര്യമാണ്. പ്രായം തളര്‍ത്താത്ത ഹെറാത്തിന്റെ പ്രകടനങ്ങള്‍ ചാംപ്യന്‍ ക്രിക്കറ്ററുടേതാണെന്നും അശ്വിന്‍ പറഞ്ഞു.
31കാരനായ അശ്വിന് 52 ടെസ്റ്റില്‍ നിന്നായി നിലവില്‍ 292 വിക്കറ്റുകളാണുള്ളത്. ഏകദിന ടീമിലേക്ക് പരിഗണിക്കപ്പെടാതിരിക്കുന്ന അശ്വിന്‍ നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിലെ ഫോമില്‍ കളിച്ചാല്‍ വിരമിക്കാറാവുമ്പോഴേക്കും അശ്വിന്‍ കുംബ്ലെയുടെ നേട്ടത്തിനടുത്തെത്തുമെന്നാണ് വിലയിരുത്തല്‍. 619 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയിട്ടുള്ള കുംബ്ലെ ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ്.
