ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച തിരിച്ചുവരവ് നടത്തിയ ടീം യൂഗോസ്ലാവ്യന്‍ ക്ലബ് പാര്‍ട്ടിസാനാണ്. 1984ല്‍ യുവേഫ കപ്പിന്റെ പ്രീക്വാര്‍ട്ടറിലായിരുന്നു ഇത്. ആദ്യ പാദത്തില്‍ പാര്‍ട്ടിസാന്‍ വഴങ്ങിയത് 6-2ന്റെ കൂറ്റന്‍ തോല്‍വി. രണ്ടാം പാദത്തില്‍ ക്യൂപിആറിനെ എതിരല്ലാത്ത നാല് ഗോളിന് അട്ടിമറിച്ച പാര്‍ട്ടിസാന്‍ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ക്വാര്‍ട്ടറില്‍ കടന്നു.
2004ലെ ചാംപ്യന്‍സ് ലീഗില്‍ രണ്ട് വന്‍ തിരിച്ചുവരവുകളാണ് ഫുട്‌ബോള്‍ ലോകം കണ്ടത്. റൗണ്ട് ഓഫ് 16ല്‍ മൂന്ന് ഗോള്‍ കടവുമായെത്തിയ ഡിപോര്‍ട്ടീവോ, എസി മിലാനെ രണ്ടാം പാദത്തില്‍ നാല് ഗോളിന് അട്ടിമറിച്ചു. ക്വാര്‍ട്ടറിലായിരുന്നു മറ്റൊരു അവിശ്വസനീയ തിരിച്ചുവരവ്. റയല്‍ മാഡ്രിഡിനോട് 4-2ന് തോറ്റ മൊണോക്കോ രണ്ടാം പാദത്തില്‍ 3-1ന്റെ ജയം സ്വന്തമാക്കി. എവേ ഗോളിന്റെ ആനുകൂല്യത്തില്‍ സെമി ബര്‍ത്തും നേടി.
ലിസ്റ്റിലെ ഇനിയുള്ള രണ്ട് അവശ്വസീനയ തിരിച്ചുവരവുകള്‍ ബാഴ്‌സലോണയ്ക്ക് അവകാശപ്പെട്ടതാണ്. 2000ത്തിലെ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലായിരുന്നു ആദ്യത്തേത്. ചെല്‍സിയോട് 3-1ന്റെ തോല്‍വി വഴങ്ങിയ ബാഴ്‌സ രണ്ടാം പാദത്തില്‍ നേടിയത് 5-1ന്റെ വമ്പന്‍ ജയം. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു രണ്ടാമത്തേത്. ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ എസി മിലാനോട് രണ്ട് ഗോളിന്റെ തോല്‍വി വഴങ്ങിയ ബാഴ്‌സ ന്യൂ ക്യാമ്പില്‍ നടന്ന രണ്ടാം പാദത്തില്‍ എതിരില്ലാത്ത നാല് ഗോളിന് ജയിച്ചു. അന്ന് കറ്റാലന്‍സിനെ കരകയറ്റിയത് രണ്ട് ഗോളടിച്ച ലിയോണല്‍ മെസ്സിയായിരുന്നു.
മാര്‍ച്ച് എട്ടിന് ന്യൂകാംപില്‍ പി.എസ്.ജിക്കെതിരെ രണ്ടാം പാദ മത്സരത്തിനിറങ്ങുമ്പോള്‍ ബാഴ്‌സയുടെ പ്രതീക്ഷ മെസ്സിയില്‍ തന്നെയാണ്.
