വെംബ്ലിയില്‍ അമേരിക്കയ്ക്കെതിരെ വിരമിക്കല്‍ മത്സരത്തിന് അവസരം നല്‍കിയ പരിശീലകന്‍ ഗാരെത് സൗത്ത്ഗേറ്റിന് നന്ദി പറഞ്ഞ് റൂണി. ഇംഗ്ലണ്ടിനായി കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് റൂണി...

ലണ്ടന്‍: അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ മത്സരത്തിന് അവസരം നല്‍കിയ ഇംഗ്ലീഷ് പരിശീലകന്‍ ഗാരെത് സൗത്ത്ഗേറ്റിന് നന്ദി പറഞ്ഞ് ഇതിഹാസ താരം വെയ്‌ന്‍ റൂണി. ഈ മാസം 16ന് അമേരിക്കയ്ക്കെതിരായ മത്സരത്തില്‍ കളിക്കാനായി റൂണിയെ സൗത്ത്ഗേറ്റ് ടീമിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു. നേരത്തെ 2017 ഓഗസ്റ്റില്‍ റൂണി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. 

സൗത്ത്ഗേറ്റിനും സ്റ്റാഫുകള്‍ക്കും കീഴില്‍ പഴയ സഹതാരങ്ങള്‍ക്കൊപ്പം വെംബ്ലിയില്‍ അവസാനമായി കളിക്കാനുള്ള അവസരം ലഭിക്കുന്നത് വലിയ അംഗീകാരമാണെന്ന് റൂണി വ്യക്തമാക്കി. ഇംഗ്ലണ്ട് കുപ്പായത്തില്‍ റൂണിയുടെ 120-ാം മത്സരമായിരിക്കും അമേരിക്കയ്ക്കെതിരെ നടക്കുക. ഇംഗ്ലണ്ടിനായി കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് റൂണി. മുപ്പത്തിമൂന്നുകാരനായ താരം 119 മത്സരങ്ങളില്‍ നിന്ന് 53 തവണ വലകുലുക്കി. 

മത്സരത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍റെ തീരുമാനം. 2003 ഫെബ്രുവരി 12നായിരുന്നു റൂണിയൂടെ ഇംഗ്ലീഷ് കുപ്പായത്തിലുള്ള അരങ്ങേറ്റം. 2016 നവംബറില്‍ സ്കോട്‍‍‍ലന്‍ഡിനെതിരെ ആണ് റൂണി അവസാനം ഇംഗ്ലണ്ടിനായി കളിച്ചത്. നിലവില്‍ അമേരിക്കന്‍ ലീഗിലെ ഡിസി യുണൈറ്റഡ് ക്ലബ്ബില്‍ കളിക്കുന്ന റൂണി മികച്ച ഫോമിലാണ്.