2015 ഐഎസ്എല്‍ ഫെെനലില്‍ തങ്ങളെ കീഴടക്കിയതിന്‍റെ പ്രതികാരദാഹം ചെന്നെെക്കെതിരെ കെട്ടടങ്ങിയിട്ടില്ലാത്ത ഗോവ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മറീന മച്ചാന്‍സിനെ മുക്കിയത്

ചെന്നെെ: നിലവിലെ ചാമ്പ്യന്മാരായ ചെന്നെെയിന്‍ എഫ്സിക്കെതിരെ ഗോള്‍മഴയുമായി എഫ്സി ഗോവ. 2015 ഐഎസ്എല്‍ ഫെെനലില്‍ തങ്ങളെ കീഴടക്കിയതിന്‍റെ പ്രതികാരദാഹം ചെന്നെെക്കെതിരെ കെട്ടടങ്ങിയിട്ടില്ലാത്ത ഗോവ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മറീന മച്ചാന്‍സിനെ മുക്കിയത്.

ഗോവയ്ക്കായി എഡു ബേദിയ, കോറോമിനാസ്, മൗര്‍റ്റാ‍ഡാ ഫോള്‍ എന്നിവരാണ് വലചലിപ്പിച്ചത്. സന്ദര്‍ശകരായി ചെന്നെെയിലെത്തിയ ഗോവയുടെ ആക്രമണത്തോടെയാണ് കളം ചൂട് പിടിച്ചത്. ബേദിയയും കോറോയും ചെന്നെെയിന്‍ ഗോള്‍ മുഖം നിരന്തരം പരീക്ഷിച്ചു.

തുടരന്‍ മുന്നേറ്റങ്ങള്‍ക്കൊടുവിലാണ് ബേദിയ 12-ാം മിനിറ്റില്‍ ആദ്യ ഗോള്‍ പേരിലെഴുതിയത്. ലെന്നി റോഡ്രിഗസ് നടത്തിയ നീക്കത്തിനൊടുവില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബേദിയക്ക് പാസ് നല്‍കി. കോറോയെ പൂട്ടാന്‍ നിന്ന ചെന്നെെയിന്‍ തന്ത്രത്തെ പൊളിച്ച് ഗോവ ലീഡ് സ്വന്തമാക്കി.

ഗോള്‍ വഴങ്ങിയ ശേഷവും അത്ര മികച്ച പ്രകടനമല്ല ആതിഥേയര്‍ കളത്തില്‍ പുറത്തെടുത്തത്. പക്ഷേ, ഭാഗ്യം തുണയ്ക്കാതിരുന്നതിനാല്‍ ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ ഗോവയുടെ പേരില്‍ എഴുതപ്പെട്ടില്ല. എന്നാല്‍, രണ്ടാം പകുതി തുടങ്ങി അധികം വെെകാതെ സൂപ്പര്‍ താരം കോറോയിലൂടെ ഗോവ തങ്ങളുടെ ലീഡ് വര്‍ധിപ്പിച്ചു.

ത്രോയില്‍ നിന്ന് പന്ത് ലഭിച്ച സെറിട്ടണ്‍ ഫെര്‍ണാണ്ടസ് ബോക്സിനുള്ളില്‍ കാത്ത് നിന്ന് കോറോയ്ക്ക് ക്രോസ് നല്‍കി. ഐഎസ്എലില്‍ ഗോളടിച്ച് കൂട്ടുന്ന സ്പെയിന്‍ താരം അനായസമായി വലയിലേക്ക് നിറയൊഴിച്ചു. ഇതോടെ അല്‍പം ഉണര്‍ന്ന ചെന്നെെയിന്‍ ചില മുന്നേറ്റങ്ങള്‍ നടത്തി നോക്കിയെങ്കിലും ഗോവന്‍ ഡിഫന്‍സിനെ തകര്‍ക്കാന്‍ പ്രാപ്തമായ നീക്കങ്ങള്‍ ഒന്നും മെനഞ്ഞെടുക്കാന്‍ അവര്‍ക്കായില്ല.

ഇതിനിടെ 80-ാം മിനിറ്റില്‍ ഗോവ ചെന്നെെയുടെ നെഞ്ചില്‍ മൂന്നാമത്തെ ആണിയും അടിച്ച് കയറ്റി. കോര്‍ണറിനൊടുവില്‍ ലഭിച്ച പന്ത് കോറോ ഹെ‍ഡ് ചെയ്ത് ഫോളിലേക്കെത്തിച്ചു. സെനഗല്‍ താരത്തിന്‍റെ ഹെഡ്ഡര്‍ പിടിച്ചെടുക്കാന്‍ കരണ്‍ജിത്തിന് സാധിക്കാതിരുന്നതോടെ പന്ത് വലയെ ചുംബിച്ചു.

ഇതോടെ ഗോവ വിജയം ഉറപ്പിച്ചു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ പകച്ച് പോയ ചെന്നെെയിന്‍ ഒരു ഗോള്‍ എങ്കിലും തിരിച്ചടിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് നടത്തിയത്. ഇഞ്ചുറി ടെെമിന്‍റെ അഞ്ചാം മിനിറ്റില്‍ അവര്‍ അത് നേടിയെടുത്തു. ആന്‍ഡ്രിയ ഒര്‍ലാന്‍ഡിയുടെ പാസില്‍ ഏലി സാബിയയാണ് വലനിറച്ചത്.