ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവയ്ക്ക് തകര്‍പ്പന്‍ ജയം. രണ്ട് തവണ പിന്നില്‍ നിന്ന ശേഷം അവര്‍ 3-2ന് ഡല്‍ഹി ഡൈനാമോസിനെ തോല്‍പ്പിച്ചു. എഡു ബെഡിയയുടെ ഇരട്ട ഗോളുകളാണ് ഗോവയെ രക്ഷിച്ചത്. ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസ് ഒരു ഗോള്‍ നേടി. ബിക്രംജിത്ത് സിങ്, ലാലിയന്‍സ്വാല ചാങ്‌തെ എന്നിവരാണ് ഡല്‍ഹിയുടെ ഗോളുള്‍ നേടിയത്. ജയത്തോടെ ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഡല്‍ഹി ഒമ്പതാം സ്ഥാനത്താണ്.

ആറാം മിനിറ്റില്‍ തന്നെ ഗോവയെ ഞെട്ടിച്ച് ബിക്രംജിത് സിങ് ഡല്‍ഹിക്കായി ആദ്യ ഗോള്‍ നേടി. കാര്‍മോണയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. ഇതിനിടെ നിരവധി ഗോളുകള്‍ ഡല്‍ഹിയെ തേടിയെത്തി. എന്നാല്‍ ആദ്യപകുതിയില്‍ ഒരിക്കല്‍കൂടി ഗോവയുടെ വല ചലിപ്പിക്കാന്‍ ഡല്‍ഹിക്ക് സാധിച്ചില്ല. 54ാം മിനിറ്റില്‍ ഗോവയുടെ സമനില ഗോളെത്തി. 54ാം മിനിറ്റില്‍ ബെഡിയയുടെ കിടിലന്‍ സ്‌ട്രൈക്ക്. 

എന്നാല്‍ ചാങ്‌തെയിലൂടെ ഡല്‍ഹി ഒരിക്കല്‍കൂടി മുന്നിലെത്തി. നന്ദകുമാറിന്റെ പാസില്‍ നിന്നായിരുന്നു ഇന്ത്യന്‍ യുവതാരത്തിന്റെ ഗോള്‍. 82ാം മിനിറ്റില്‍ ഫെര്‍ണാണ്ടസിന്റെ ഒരു ലോങ് റേഞ്ച് ഗോവയ്ക്ക് സമനില സമ്മാനിച്ചു. 89ആം മിനുട്ടില്‍ എഡു ബേഡിയയുടെ ഗോളിലൂടെ ഗോവ ജയവും ഒന്നാം സ്ഥാവും ഉറപ്പിച്ചു.