ധർമശാല: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 32 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 332 റണ്‍സിൽ അവസാനിച്ചു. 248/6 എന്ന നിലയിൽ മൂന്നാം ദിനം തുടങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ നേടിയ അർധ സെഞ്ചുറിയാണ് (63) ലീഡിന് സഹായകമായത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ 31 റണ്‍സ് നേടി. ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്പിന്നർ നഥാൻ ലയണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 300 റണ്‍സ് പുറത്തായിരുന്നു.

മൂന്നാം ദിനം ഓസീസ് സ്കോർ മറികടക്കാൻ 52 റണ്‍സ് അകലെയായിരുന്നു ഇന്ത്യ. 221/6 എന്ന നിലയിൽ തകർച്ചയെ നേരിട്ട ഇന്ത്യയെ ഏഴാം വിക്കറ്റിൽ ജഡേജ-സാഹ സഖ്യം കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് 96 റണ്‍സ് കൂട്ടിച്ചേർത്തു. എന്നാൽ ജഡേജയെ പേസർ പാറ്റ് കമ്മിൻസ് മടക്കിയതിന് പിന്നാലെ ഇന്ത്യയുടെ വാലറ്റം തകർന്നടിഞ്ഞു. ഭുവനേശ്വർ കുമാർ (31), കുൽദീപ് യാദവ് (7) എന്നിവർ വന്നപോലെ മടങ്ങി. ഉമേഷ് യാദവ് രണ്ടു റണ്‍സോടെ പുറത്താകാതെ നിന്നു.