സൂറിച്ച്: ഫിഫയുടെ ഈ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തെ തിങ്കളാഴ്ച്ചയറിയാം. മികച്ച താരത്തിനായി റയലിന്‍റെ പോര്‍ച്ചുഗല്‍ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബാഴ്സലോണയുടെ അര്‍ജന്‍റീനിയന്‍ താരം ലിയോണല്‍ മെസി, പിഎസ്ജിയുടെ ബ്രസീലിയന്‍ താരം നെയ്മര്‍ എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. റയലിന് യൂവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത റൊണാള്‍ഡോയാണ് പുരസ്കാരം നോടാന്‍ സാധ്യത. മികച്ച പരിശീലകനായി റയല്‍ മാഡ്രിഡിന്‍റെ സിനദീന്‍ സിദാനും ചെല്‍സിയുടെ അന്‍റോണിയോ കോന്‍റേയും ജുവന്‍റസിന്‍റെ മസിമിലിയാനോ അല്ലെഗ്രിയും തമ്മിലാണ് പോരാട്ടം. 

സ്പാനിഷ് ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവും റയലിനായി നേടിക്കൊടുത്ത ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്കു തന്നെയാണ് ഇത്തവണയും കായിക നിരീക്ഷകര്‍ സാധ്യത കല്‍പ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷവും റൊണാള്‍ഡോയാണ് പുരസ്കാരം സ്വന്തമാക്കിയത്. ഈ വര്‍ഷവും പുരസ്കാരം നേടിയാല്‍ അഞ്ചു തവണ ലോക ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ താരമാവും റൊണാള്‍ഡോ. മെസിയും അഞ്ച് തവണ പുരസ്കാരം നേടിയിട്ടും.

വെനസ്വേലയുടെ കൗമാരതാരം ഡെയ്ന കസ്റ്റെല്ലാനോസ്, അമേരിക്കയുടെ കാര്‍ലി ലോയ്ഡ്, നെതര്‍ലന്‍റിന്‍റെ ലീക്ക് മാര്‍ട്ടിനസ് എന്നിവരാണ് മികച്ച വനിതാ താരത്തിനായി അന്തിമ പട്ടികയിലുള്ളത്. മികച്ച ഗോളിനായുള്ള പു‌സ്‌കാസ് പുരസ്കാകാരത്തിന് വെനസ്വേലന്‍ വനിതാ താരം ഡെയ്മ കാസ്റ്റല്ലനോസും ആഴ്സണലിന്‍റെ ഒളിവര്‍ ജിറോഡും ദക്ഷിണാഫ്രിക്കയുടെ ഒസ്കാര്‍ മസുലുകെയും തമ്മിലാണ് മത്സരം. മികച്ച ഗോള്‍ കീപ്പര്‍ക്കായി ജുവന്‍റസ് ഇതിഹാസം ജിയോലുഗിനി ബഫണ്‍, റയല്‍ മാഡ്രിഡിന്‍റെ കെയ്‌ലര്‍ നവാസ്, ബയണ്‍ മ്യൂണിച്ചിന്‍റെ ജര്‍മ്മന്‍ താരം മാനുവേല്‍ ന്യൂയര്‍ എന്നിവര്‍ മത്സരരംഗത്തുണ്ട്.