ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡായിരുന്നു റയലിന്റെ ഗോളിന് വഴിയൊരുക്കിയത്
ഫിഫ ക്ലബ്ബ് ലോകകപ്പ് ക്വാര്‍ട്ടറില്‍ കടന്ന സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിനെയാണ് റയല്‍ കീഴടക്കിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. 54-ാം മിനുറ്റില്‍ ഗോണ്‍സാലൊ ഗാര്‍ഷ്യയാണ് വിജയഗോള്‍ നേടിയത്. തോല്‍വിയോടെ ക്ലബ്ബ് ലോകകപ്പില്‍ നിന്ന് യുവന്റസ് പുറത്തായി. റയല്‍ ക്വാര്‍ട്ടറിലേക്കും കടന്നു. ക്വാര്‍ട്ടറില്‍ ജര്‍മൻ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടാണ് റയലിന്റെ എതിരാളികള്‍.
ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡായിരുന്നു റയലിന്റെ ഗോളിന് വഴിയൊരുക്കിയത്. യുവന്റസിനെതിരെ പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം ആധിപത്യം സ്ഥാപിച്ചായിരുന്നു റയലിന്റെ വിജയം. 21 ഷോട്ടുകളാണ് യുവന്റസിന്റെ ഗോള്‍ മുഖത്തേക്ക് റയല്‍ തൊടുത്തത്. 11 ഷോട്ടുകള്‍ ഓണ്‍ ടാര്‍ഗറ്റാക്കാനും റയലിന് കഴിഞ്ഞു. 58 ശതമാനവും പന്തടക്കം സ്പാനിഷ് ക്ലബ്ബിനായിരുന്നു.
മെക്സിക്കൻ ക്ലബ്ബായ മോന്ററി ഡോര്‍ട്ട്മുണ്ടിനെ വിറപ്പിച്ചാണ് കീഴടങ്ങിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഡോര്‍ട്ട്മുണ്ടിന്റെ ജയം. ആദ്യ പകുതിയില്‍ സെർഹൗ ഗുയിരാസിയാണ് ഡോര്‍ട്ട്മുണ്ടിന്റെ രണ്ട് ഗോളുകളും നേടിയത്. 14-ാം മിനുറ്റിലും 24-ാം മിനുറ്റിലുമായിരുന്നു ഗോളുകള്‍. ഇതിന് ശേഷം കളത്തില്‍ ആധിപത്യം സ്ഥാപിക്കാൻ ഡോര്‍ട്ട്മുണ്ടിന് കഴിഞ്ഞില്ല.
സ്പാനിഷ് ഇതിഹാസമായ സെര്‍ജിയോ റാമോസ് നയിക്കുന്ന മോന്ററി ഡോര്‍ട്ട്മുണ്ട് ഗോള്‍മുഖത്തെ നിരന്തരം ആക്രമിച്ചു. 14 ഷോട്ടുകളാണ് ഡോര്‍ട്ട്മുണ്ടിന്റെ ഗോള്‍മുഖത്തേക്ക് മോന്ററി തൊടുത്തത്. ഏഴ് ശ്രമങ്ങളും ഓണ്‍ ടാര്‍ഗറ്റിലുമെത്തിച്ചു മോന്ററി താരങ്ങള്‍. മറുവശത്ത് ഡോര്‍ട്ട്മുണ്ടിന് ആറ് ശ്രമങ്ങള്‍ മാത്രമാണ് നടത്തിയത്.
ജൂലൈ അഞ്ചിനാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആറിനാണ് റയല്‍ - ഡോര്‍ട്ട്മുണ്ട് പോരാട്ടം.


