ദില്ലി: ഇന്ത്യ അതിഥേയരാകുന്ന 17 വയസ്സില്‍ താഴെയുള്ളവരുടെ ലോകകപ്പ്‌ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് ഉദ്ഘാടന ചടങ്ങുണ്ടാകില്ല. ഫിഫയുടെ എതിര്‍പ്പും പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പങ്കെടുക്കില്ലെന്നും അറിയിച്ചതോടെയാണ് കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കാനിരുന്ന ഉദ്‌ഘാടനചടങ്ങ്‌ റദ്ദാക്കിയത്.

കിക്കോഫല്ലാതെ വിപുലമായ ഉദ്ഘാടനച്ചടങ്ങ് വേണ്ടെന്നായിരുന്നു ഫിഫയുടെ നിലപാട്. ഉദ്ഘാടന മത്സരം നടക്കുന്ന ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ ഉദ്ഘാടനച്ചടങ്ങ് നടത്താനുള്ള നീക്കവും ഫിഫ വിലക്കി. ഉദ്‌ഘാടനചടങ്ങിന്റെ മാര്‍ച്ച്‌ പാസ്റ്റിലേക്ക്‌ താരങ്ങളെ പങ്കെടുപ്പിക്കാന്‍ അനുമതി തേടിയെങ്കിലും ഇതിനും ഫിഫ അനുമതി നല്‍കിയില്ല. മത്സരത്തിനാണ് പ്രധാന്യം നല്‍കേണ്ടതെന്നും ഉദ്ഘാടനച്ചടങ്ങിനല്ലെന്നുമായിരുന്നു ഫിഫ നിലപാട്.

ഇതോടെ 10 കോടി രൂപമുടക്കി മത്സരം തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ സ്വന്തം നിലയ്‌ക്ക് ഉദ്ഘാടനച്ചടങ്ങ് നടത്താന്‍ കായിക മന്ത്രാലയം നീക്കം നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ ഫിഫ പ്രസിഡന്റ്‌ ജിയോനി ഇന്‍ഫാന്റിനോയെ മുഖ്യാതിഥിയായി എത്തുമെന്ന കണക്കൂകൂട്ടലിലായിരുന്നു ഇത്. എന്നാല്‍ പങ്കെടുക്കില്ലെന്ന്‌ ഫിഫ പ്രസിഡന്റ് അറിയിച്ചതോടെ ഉദ്‌ഘാടനപരിപാടി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു.

എങ്കിലും അടുത്തമാസം ആറിലെ ഉദ്ഘാടന മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. താരങ്ങളെ പരിചപ്പെടും. ചെറിയ പ്രസംഗവുമുണ്ടാകും. സ്കൂള്‍ കുട്ടികളേയും സ്റ്റേഡിയത്തിലെത്തിക്കും. ഒക്‌ടോബര്‍ ആറുമുതല്‍ 28വരെയാണ്‌ ചാംപ്യന്‍ഷിപ്പ്‌. ഉദ്ഘാടന മത്സരത്തിനെത്തില്ലെങ്കിലും ഫൈനല്‍ വേദിയായ കൊല്‍ക്കത്തയില്‍ ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റീനോയെത്തും.