ചില അയൽ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച സാഹചര്യത്തിൽ 2022 ലെ ഫിഫ ലോക കപ്പ് മത്സരങ്ങൾ ഖത്തറിൽ തന്നെ നടക്കുമെന്ന് ഫിഫ അറിയിച്ചു. ഗൾഫ് രാജ്യങ്ങൾക്കിടയിൽ നയതന്ത്ര പ്രശ്നം മാത്രമാണ് നിലനിൽക്കുന്നതെന്നും ലോകകപ്പ് വേദി ഖത്തറിൽ നിന്ന് മാറ്റുന്ന കാര്യം ചർച്ച ചെയ്തിട്ട് പോലുമില്ലെന്നും ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫെന്റിനോ ഒരു ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കി.

2022 ലെ ലോകകപ്പ് ഫുടബോളിനെ വരവേൽക്കാൻ തിരക്കിട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് ഏതാനും ചില അയൽ രാജ്യങ്ങൾ തീവ്രവാദ ബന്ധം ആരോപിച്ചു ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. ഈ സാഹചര്യത്തിൽ ലോകകപ്പ് വേദി ഖത്തറിൽ നിന്നും മാറ്റിയേക്കുമെന്ന തരത്തിൽ ചില പശ്ചാത്യൻ മാധ്യമങ്ങൾ വാർത്തകൾ നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ സമൂഹ മാധ്യമങ്ങളിലും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രചാരണങ്ങൾ സജീവമാകുന്നതിനിടെയാണ് ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫെന്റിനോ ഇത് സംബന്ധിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് അറിയിച്ചത്.

ഫിഫ വേദി ഖത്തറിൽ നിന്ന് മാറ്റിയേക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഊഹാപോഹം മാത്രമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇക്കാര്യം സംബന്ധിച്ച് ഫിഫയിൽ ഒരു തരത്തിലുള്ള ചർച്ചകളും നടന്നിട്ടില്ലെന്നും വ്യക്തമാക്കി. ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന നാടാണ് ഖത്തറെന്നും ഫുട്ബാളിന്റ്റെ അന്തസിനു നിരക്കാത്ത ഒരു പ്രവർത്തനവും ഖത്തറിന്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ജിയാനി ഇൻഫെന്റിനോ ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.