കൊച്ചി: അടുത്ത തലമുറയിലെ സൂപ്പര്‍താരങ്ങളെ കാണാന്‍ കാത്തിരിക്കുന്ന മലയാളികള്‍ക്ക് ചിലപ്പോള്‍ ഈ വാര്‍ത്ത നിരാശ നല്‍കും. ബ്രസീലും ഹോളണ്ടും കളിക്കുന്ന കൊച്ചിയിലെ നെഹ്രു സ്‌റ്റേഡിയത്തില്‍ റയല്‍മാഡ്രിഡിന്‍റെ ഭാവി സൂപ്പര്‍താരം വിനീഷ്യസ് ജൂനിയര്‍ കളിച്ചേക്കില്ല. താരത്തിന്‍റെ ക്ലബായ ഫ്‌ളെമംഗോയുമായുള്ള കരാറാണ് താരത്തിന് ലോകകപ്പ് ടീമിലെത്താന്‍ തടസ്സമാകുന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

താരത്തെ ടീമില്‍ കൊണ്ടുവന്ന് ബ്രസീലിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ കഠിന ശ്രമത്തിലാണ് മഞ്ഞക്കിളികള്‍. ബ്രസീലിയന്‍ ടീമില്‍ പരിശീലകന്‍ ബഹിയാന്‍ കാര്‍ലോസ് അമാഡ്യൂ വിനീഷ്യസിന്‍റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാല്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ വന്ന ടീമിനൊപ്പം വിനീഷ്യസ് എത്തിയിട്ടില്ല. ഒക്‌ടോബര്‍ 6 ന് ആദ്യ മത്സരത്തില്‍ സ്‌പെയിനെ നേരിടാനിരിക്കെ താരത്തെ എങ്ങിനെയും എത്തിക്കാനുള്ള ശ്രമത്തിലാണ് ബ്രസീലിയന്‍ ടീം. 

താരത്തിന്‍റെ നിലവിലെ ക്‌ളബ്ബായ ഫ്‌ളെമംഗോ റയലുമായി 45 ദശലക്ഷം യൂറോയുടെ കരാറാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് പ്രകാരം 2018 ജൂലൈ യിലേ വിനീഷ്യസ് സ്പാനിഷ് തലസ്ഥാനത്ത് എത്തുകയുള്ളൂ. നിലവില്‍ റയലില്‍ നിന്നും ഫ്‌ളെമെംഗോയ്ക്ക് വേണ്ടി ലോണിലാണ് വിനീഷ്യസ് കളിക്കുക. വിനീഷിനെ ലോകകപ്പിന് വിട്ടുകൊടുക്കേണ്ടെന്ന് റയലും ഫ്‌ളെമംഗോയും ധാരണയില്‍ എത്തിയതാണ് താരം ഇന്ത്യയില്‍ ലോകകപ്പില്‍ കളിക്കാത്തതിന് കാരണം. 

വിനീഷ്യസ് മിടുക്കനും ടീമിന്‍റെ ഏറ്റവും പ്രധാനപ്പെട്ട താരവുമാണ്. വിനീഷ്യസിന് വേണ്ടി ഏറ്റവും മികച്ച ശ്രമം തന്നെ നടത്തുമെന്ന് പരിശീലകന്‍ പറഞ്ഞു. ഗ്രൂപ്പ് ഡിയില്‍ സ്‌പെയിന് പുറമേ നൈജറും വടക്കന്‍ കൊറിയയുമാണ് ബ്രസീലിനൊപ്പം കളിക്കുന്നത്. മുംബൈയിലാണ് ബ്രസീല്‍ പരിശീലനം നടത്തുന്നത്.