ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റ നിര താരങ്ങള്‍ എല്ലാം ഗോളുകള്‍ സ്വന്തമാക്കിയ ലോകകപ്പില്‍ മികച്ച ഗോളിനുള്ള നേട്ടം പേരിലെഴുതിയത് ഒരു ഡിഫന്‍ഡറാണ്, ഫ്രാന്‍സിന്‍റെ ബെഞ്ചമിൻ പാവാദ്.
മോസ്‍കോ: കളിയുടെ വര്‍ണപ്രപഞ്ചം തീര്‍ത്ത് റഷ്യന്‍ ലോകകപ്പ് കൊടിയിറങ്ങി. ഒരുപാട് വമ്പന്മാരുടെ വീഴ്ചകള്‍ക്കും ചില സ്വപ്ന താരങ്ങളുടെ ഉയിര്‍പ്പിനും സാക്ഷ്യം വഹിച്ച റഷ്യയില്‍ ഫ്രാന്‍സിന്‍റെ നീലപ്പട കിരീടം സ്വന്തമാക്കി പറന്നു. അസാമാന്യ കുതിപ്പോടെ കലാശ പോരാട്ടം വരെയെത്തിയ ക്രൊയേഷ്യയെ തകര്‍ത്താണ് ദിദിയര്‍ ദെശാംപ്സിന്‍റെ കുട്ടികള്‍ വിജയം സ്വന്തമാക്കിയത്.
64 കളികളിൽ നിന്ന് ആകെ 169 ഗോളുകളാണ് ലോകകപ്പില്‍ പിറന്നത്. ഇത് ഏറ്റവും മികച്ചത് ഏതാണ്? ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫ്രീകിക്കും ഹാരി കെയ്ന്‍റെ ഹെഡ്ഡറും എന്നിങ്ങനെ ഒരുപാട് മികച്ചത് കണ്ടപ്പോള്‍ അതില്‍ ഏറ്റവും കേമം ഏതാണെന്ന് ഫിഫ വോട്ടെടുപ്പിലൂടെയാണ് കണ്ടെത്തിയിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസി, നെയ്മര്‍, എംബാപെ, ഗ്രീസ്മാന്‍ എന്നിങ്ങനെ ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റ നിര താരങ്ങള്‍ എല്ലാം ഗോളുകള്‍ സ്വന്തമാക്കിയ ലോകകപ്പില്‍ മികച്ച ഗോളിനുള്ള നേട്ടം പേരിലെഴുതിയത് ഒരു ഡിഫന്‍ഡറാണ്, ഫ്രാന്‍സിന്‍റെ ബെഞ്ചമിൻ പാവാദ്.
തൂവൽ സ്പർശംപോലെ അർജന്‍റീനൻ പോസ്റ്റിലേക്ക് ബെഞ്ചമിൻ പാവാദിന്‍റെ വലങ്കാലിൽ നിന്ന് ഒഴുകിയിറങ്ങിയ ഗോൾ ഗോള്‍ പിന്നിട്ടുനിന്ന ഫ്രാൻസിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്ന നിമിഷമാണ്. ജപ്പാനെതിരെ കൊളംബിയയുടെ യുവാൻ ക്വിന്‍റേറോ നേടിയ ഫ്രീകിക്ക് ഗോളാണ് വോട്ടെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയത്.
ലോകകപ്പിലെ ഗോൾഡൻ ബോൾ സ്വന്തമാക്കിയ ലൂക്ക മോഡ്രിച്ചാണ് മൂന്നാമൻ. അർജന്‍റീനയ്ക്കെതിരെ ആയിരുന്നു മോഡ്രിച്ചിന്‍റെ സൂപ്പർ ഗോൾ. 2006ന് ശേഷം ആദ്യമായാണ് ഒരു യൂറോപ്യൻതാരം മികച്ച ഗോളിനുള്ള പുരസ്കാരം നേടുന്നത്. 2014ൽ കൊളംബിയയുടെ ജയിംസ് റോഡ്രിഗസും 2010ൽ ഉറൂഗ്വേയുടെ ഡീഗോ ഫോർലാനുമാണ് പുരസ്കാരം സ്വന്തമാക്കിയത്.
