ഭരണഘടന ശില്‍പിയായ അംബ്ദേകറെ അപമാനിച്ചു എന്നീ കൃത്യങ്ങള്‍ ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

മുംബൈ: ഡോ. ബി ആര്‍ അംബേദ്കറെ അപമാനിച്ചുവെന്ന പരാതിയില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ എഫ്‌ഐആര്‍. ദളിതരുടെ വികാരം വൃണപ്പെടുത്തി, ഭരണഘടന ശില്‍പിയായ അംബ്ദേകറെ അപമാനിച്ചു എന്നീ കൃത്യങ്ങള്‍ ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. അഭിഭാഷകനും രാഷ്ട്രീയ ഭീം സേന അംഗവുമായ ഡി.ആര്‍ മേഘ്വാള്‍ ജോഥ്പൂര്‍ എസ്എസി/എസ്ടി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ താരത്തിനെതിരേ കേസെടുക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. 

ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു പാണ്ഡ്യയുടെ വിവാദ പരാമര്‍ശം. 'ഏത് അംബേദ്കര്‍? നിയമവും ഭരണഘടനയും തയ്യാറാക്കിയ ആ ആളോ അതോ രാജ്യത്ത് സംവരണം എന്ന രോഗം പരത്തിയ ആളോ' എന്നായിരുന്നു ഒരു കമന്റില്‍ പാണ്ഡ്യയുടെ ചോദ്യം. 

കഴിഞ്ഞ ജനുവരിയില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പാണ്ഡ്യയുടെ പരാമര്‍ശം താന്‍ ശ്രദ്ധിക്കുച്ചതെന്ന് മേഘ്വാള്‍ പറഞ്ഞു. യുവാക്കള്‍ മാതൃകയാക്കേണ്ട ഒരു ക്രിക്കറ്റ് താരം അംബേദ്കറേയും രാജ്യത്തിന്റെ ഭരണഘടനയേയും അപമാനിക്കുക മാത്രമല്ല, ഒരു വിഭാഗത്തിന്റെ വൈകാരികതയേയും മുറിവേല്‍പ്പിച്ചിരിക്കുകയാണെന്നായിരുന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. പാണ്ഡ്യ ചെയ്തിരിക്കുന്ന ഗൗരവമായ കുറ്റത്തിന് തക്കതായ ശിക്ഷ അദ്ദേഹത്തിന് കിട്ടണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെടുന്നു.