സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഗെയ്ല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത് വെറും 58 പന്തില്‍.

മൊഹാലി: ഐപിഎല്‍ പതിനൊന്നാം പതിപ്പിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കി കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്രിസ് ഗെയ്ല്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഗെയ്ല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത് വെറും 58 പന്തില്‍. ഗെയ്ല്‍ പുറത്താവാതെ 104 റണ്‍സ് നേടി. 63 പന്തില്‍ 11 സിക്‌സും ഒരു ഫോറും അടങ്ങുന്നതായിരുന്നു ഗെയ്‌ലിന്റെ ഇന്നിങ്‌സ്.ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിന്‍ഡീസ് താരത്തിന്റെ ആറാം സെഞ്ചുറിയാണിത്. ടൂര്‍ണമെന്റില്‍ ഒന്നാകെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ താരവും ക്രിസ് ഗെയ്ല്‍ തന്നെ. 

ഐപിഎല്‍ താരലേലത്തില്‍ ആരും വാങ്ങാത്ത താരമായിരുന്നു ഗെയ്ല്‍. 38കാരന്‍ കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് കളിച്ചത്. എന്നാല്‍ തന്റെ സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാന്‍ ഗെയ്‌ലിന് സാധിച്ചിരുന്നില്ല. ഈ സീസണില്‍ ബാംഗ്ലൂര്‍ ഗെയ്‌ലിനെ തിരിച്ചെടുക്കാന്‍ ആവേശമൊന്നും കാണിച്ചില്ല. ഐപിഎല്‍ ലേലത്തില്‍ രണ്ടു തവണയും ഗെയ്‌ലിനെ സ്വന്താമാക്കാന്‍ ടീമുകള്‍ തയ്യാറായില്ല. തുടര്‍ന്ന് അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു. 

2009 മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ് ഗെയ്ല്‍. ആദ്യ ഏഴ് സീസണുകളില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഗെയ്‌ലിന്റേത്. എന്നാല്‍ കഴിഞ്ഞ രണ്ട് സീസണിലും ഗ്രാഫ് താഴോട്ട് പോയി. 2012ല്‍ 22.70 ശരാശരിയില്‍ 227 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. കഴിഞ്ഞ സീസണില്‍ 22.22 ശരാശരിയില്‍ 200 റണ്‍സ് മാത്രം.