തിരുവനന്തപുരം: ഇന്ത്യ- ന്യൂസീലന്‍റ് ട്വന്‍റി-20 മത്സരത്തിന് വേദിയാകുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ സംഘാടക സമിതിയുടെ ഓഫീസ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇനി 14 ദിവസങ്ങളാണ് ഗ്രീന്‍ഫീള്‍ഡ് ആദ്യമായി വേദിയാകുന്ന ട്വന്‍റി-20 മത്സരത്തിന് അവശേഷിക്കുന്നത്.
മന്ത്രിമാരും ജനപ്രതിനിധികളും കായികതാരങ്ങളുമുള്‍പ്പെടുന്ന വിപുലമായ സംഘാടകസമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. ഈമാസം 16 മുതല്‍ ഇതുവരെ 80 ശതമാനം ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. ചൊവ്വാഴ്ചകൂടി ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. പരിശീലനത്തിനായുള്ള മൂന്ന് വിക്കറ്റുകളാണ് ഗ്രീന്‍ഫീല്‍ഡില്‍ ഒരുങ്ങുന്നത്. ദിവസങ്ങള്‍ക്കകം ക്യുറേറ്റര്‍മാരുടെ പരിശോധന നടക്കും.
50,000ല്‍ കുറയാത്ത കാണികള്‍ കാര്യവട്ടത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷയ്ക്കായി 3000ഓളം പൊലീസുകാരെ വിന്യസിക്കുകയും സ്റ്റേഡിയത്തും പരിസരത്തും ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍വരികയും ചെയ്യും. നവംബര്‍ അഞ്ചിന് ടീം ഇന്ത്യയും ന്യൂസീലന്‍റും തലസ്ഥാനത്തെത്തും. ആറിന് രാവിലെ ന്യൂസിലന്‍റും ഉച്ചയ്ക്ക് ഇന്ത്യന്‍ ടീമും സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും.
