കോഴിക്കോട്: കേരളീയര്‍ക്ക് അത്ര പരിചയമില്ലാത്ത കായിക ഇനമാണ് ഫൂട്ട് വോളി. ഫൂട്ട് വോളി അസോസിയേഷന്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന ദേശീയ മല്‍സരത്തിൽ ആദ്യമായി കേരള ടീമും മാറ്റുരയ്ക്കുകയാണ്. 

വോളിബോളിനോടും ബീച്ച് വോളിയോടും ഏകദേശ സാമ്യം മാത്രമുള്ള കളിയാണ് ഫൂട്ട് വോളി. ഫുട്ബോളിലേതു പോലെ കാല്‍ കൊണ്ട് പന്ത് തട്ടാം, തലയും നെഞ്ചും ഉപയോഗിച്ച് പന്ത് തൊടാം. എന്നാല്‍ കൈ ഉപയോഗിക്കരുത്. വോളിബോളിന്‍റേതിനു സമാനമായ കളിക്കളമാണ് ഫൂട്ട് വോളിയുടേത്. നെറ്റിനും സാമ്യമുണ്ട്. നിയമങ്ങളിലും ചെറിയ സാമ്യമുണ്ടെന്ന് പറയാം. 

രണ്ട് മുതല്‍ നാല് വരെ അംഗങ്ങള്‍ക്ക് ഒരു ടീമില്‍ കളിക്കാം. എന്നാല്‍ ഇന്ത്യയില്‍ സാധാരണ രണ്ട് പേരുടെ മത്സരമാണ് ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്നത്. 1965 ല്‍ ബ്രസീലിലാണ് ഈ കളിയുടെ തുടക്കം. ഈ കളി ഇന്ത്യയിലെത്തുന്നത് 2010ലാണ്.

നിലവില്‍ ഒളിമ്പിക് അസോസിയേഷന്‍റേയോ സ്പോര്‍ട്സ് കൗണ്‍സിലിന്‍റേയോ അംഗീകാരം ഇല്ല. 2020 ല്‍ ഗോവയില്‍ അന്താരാഷ്ട്ര മത്സരം നടത്തി ഒളിമ്പിക് അസോസിയേഷന്‍റെ അംഗീകാരം നേടാനുള്ള ശ്രമത്തിലാണ് ഫൂട് വോളി അസോസിയേഷന്‍.