ഫുട്‌ബോള്‍ മത്സരം പുരോഗമിക്കുമ്പോള്‍ ഗോളിക്ക് മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍ എന്തു ചെയ്യും... ഒന്നും ചെയ്യാനില്ല ഗോള്‍പോസ്റ്റിന് സമീപം കാര്യം സാധിക്കുമെന്നായിരിക്കും ഇംഗ്ലണ്ട് നാഷണല്‍ ലീഗിലെ സാള്‍ഫോള്‍ഡ് സിറ്റിയുടെ ഗോള്‍കീപ്പറുടെ ഉത്തരം. ഇംഗ്ലണ്ടില്‍ നടന്ന നാഷണല്‍ ലീഗിനിടെ ഗോള്‍കീപ്പര്‍ മാക്‌സ് ക്രൊക്കൊംബെയാണ് പണിപറ്റിച്ചത്.
കളിക്കുന്നതിനിടയില്‍ ഗ്രൗണ്ടില്‍ മൂത്രമൊഴിച്ച താരത്തെ അധികനേരം റഫറി കളിക്കാന്‍ വിട്ടില്ല. ഉടന്‍ തന്നെ ചുവപ്പു കാര്‍ഡ് നല്‍കി ഗാലറിയിലേക്ക് പറഞ്ഞയച്ചു. 87ാം മിനിറ്റിലായിരുന്നു ഗോള്‍കീപ്പറെ റഫറി ഗാലറി കയറ്റിയത്. സംഭവത്തില്‍ മാക്‌സ് മാപ്പ് ചോദിച്ച് രംഗത്തെത്തി. ശങ്ക പിടിച്ച് നിര്‍ത്താനാകാത്തതിനാലാണ് അങ്ങനെ ചെയ്തതെന്നും എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും മാക്‌സ് ട്വിറ്ററില്‍ കുറിച്ചു.
മൂത്രമൊഴിക്കാനുള്ള അവകാശത്തെ തടഞ്ഞു എന്നതടക്കമുള്ള രസകരമായ ട്വീറ്റകളിലൂടെയാണ് സംഭവം സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. എന്നാല്‍ കളിക്കിടെ ഇത്തരം അനുഭവങ്ങള്‍ നേരിട്ട ആദ്യ താരമല്ല മാക്‌സ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റില്‍ ബാറ്റ് ചെയ്യുകയായിരുന്ന ഓസീസ് താരം മാറ്റ റെന്‍ഷോ ടോയ്‌ലെറ്റില്‍ പോയത് വാര്‍ത്തയായിരുന്നു. 2009ല്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ആഴ്‌സണിലിന്റെ ജര്‍മന്‍ താരം ജെന്‍സ് ലേമാന്‍ പരസ്യബോര്‍ഡിന് പുറകില്‍ കാര്യം സാധിച്ച രസകരമായ സംഭവവും അരങ്ങേറിയിരുന്നു.
