മിലാന്‍: ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം പൗലോ മാല്‍ഡിനി എസി മിലാനില്‍ തിരിച്ചെത്തുന്നു. ക്ലബിന്‍റെ പുതിയ സ്‌ട്രാറ്റജിക് സ്‌പോര്‍ട്സ് ഡവലപ്‌മെന്‍റ് ഡയറക്‌ടറായാണ് മുന്‍ ഇറ്റാലിയന്‍- മിലാന്‍ നായകനും അമ്പതുകാരനുമായ മാല്‍ഡിനിയുടെ മടങ്ങിവരവ്. ക്ലബ് കരിയറില്‍ 900ത്തിലധികം മത്സരങ്ങളുമായി എസി മിലാനില്‍ മാത്രം പന്തുതട്ടിയ മാല്‍ഡിനി എക്കാലത്തെയും മികച്ച പ്രതിരോധതാരങ്ങളിലൊരാളാണ്. 

ഇരുപത്തിയഞ്ച് വര്‍ഷത്തിലധികം നീണ്ടുനിന്ന മിലാന്‍ കരിയറില്‍ ഏഴ് സീരിസ് എ, കോപ്പാ ഇറ്റാലിയ, രണ്ട് ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ്, ഒരു ക്ലബ് ലോകകപ്പ്, അഞ്ച് യൂവേഫ ചാമ്പ്യന്‍സ് ലീഗ് എന്നിവയടക്കം 25 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. സീരീസ് എയില്‍ മാത്രം 647 മത്സരങ്ങളില്‍ മിലാന്‍റെ കുപ്പായമണിഞ്ഞു. നാല്‍പ്പത്തിയൊന്നാം വയസില്‍ 2009ലാണ് മാല്‍ഡിനി എസി മിലാനില്‍ നിന്ന് ബൂട്ടഴിച്ചത്. 

2010 സീരിസ് എ കിരീടത്തിന് ശേഷം നിറംമങ്ങിയ മിലാന്‍റെ പ്രതാപം വീണ്ടെടുക്കുകയാണ് മാല്‍ഡിനിയുടെ ഉത്തരവാദിത്വം. നായക ശേഷി കൊണ്ട് 'ദ് ക്യാപ്‌റ്റന്‍' എന്നായിരുന്നു മൈതാനത്ത് മാല്‍ഡിനിയുടെ വിളിപ്പേര്. ഇറ്റലിക്കായി 1988ല്‍ അരങ്ങേറിയ താരം 14 വര്‍ഷം നീണ്ടുനിന്ന കരിയറില്‍ 126 മത്സരങ്ങളില്‍ കുപ്പായമണിഞ്ഞു. നായകനായി മിലാനെ 419 മത്സരങ്ങളിലും ഇറ്റലിലെ എട്ട് വര്‍ഷങ്ങളിലായി 74 മത്സരങ്ങളിലും നയിച്ചിട്ടുണ്ട്.