മുംബൈ: കാല്‍പന്തുകളിയിലെ നര്‍ത്തകന്‍ മുന്‍ ലോക ഫുട്ബോളറും ബാഴ്‌സലോണയുടെ ബ്രസീലിയന്‍ ഇതിഹാസവുമായ റൊണാള്‍ഡിഞ്ഞോ ഇന്ത്യയിലേക്ക്. ബാഴ്‌സലോണ ലെജന്‍ഡ്‌സും യുവന്റസ് ലെജന്‍ഡ്‌സും തമ്മില്‍ ഫെബ്രുവരി 17ന് മുംബൈയിലെ അന്ധേരി ഫുട്‌ബോള്‍ അരീനയില്‍ നടക്കുന്ന പ്രദര്‍ശന ഫുട്ബോള്‍ മത്സരത്തില്‍ സൂപ്പര്‍താരം ബൂട്ടണിയും. 

റൊണാള്‍ഡിഞ്ഞോയെ കൂടാതെ ഇതിഹാസ താരങ്ങളായ എഡഗര്‍ ഡേവിസ്, എറിക്ക് അബിദാല്‍, പാട്രിക്ക് ക്ലൈവര്‍ട്ട് എന്നിവര്‍ ബാഴ്‌സലോണ കൂപ്പായത്തില്‍ കളത്തിലിറങ്ങും. അതേസമയം ഡേവിഡ് ട്രെസഗെ, പാവേല്‍ നെദ്വെദ് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ യുവന്റസിനുമായി ബൂട്ടുകെട്ടും. ബാഴ്‌സലോണയുടെ പ്രചരണത്തിനും മുന്‍ താരങ്ങള്‍ക്കുള്ള ആദരവുമായാണ് മത്സരം നടത്തുന്നത്. 

ഐഎസ്എല്ലില്‍ കളിച്ച ഡെല്‍പിയറോ, ഡേവിഡ് ട്രെസഗെ തുടങ്ങിയ താരങ്ങളും യുവന്റസിനുമായി കളിച്ചേക്കും. ഇന്ത്യയില്‍ ആദ്യമായി കളിക്കാനെത്തുന്ന യുവന്‍റസ് ടീം ഫെബ്രുവരി 14ന് മുംബൈയിലെത്തും. നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലെജന്‍ഡ്‌സുമായും മൊസാംബിക്ക് ലെജന്‍ഡ്‌സുമായും ബാഴ്‌സലോണ പ്രദര്‍ശന മത്സരം കളിച്ചിരുന്നു. വൈകിട്ട് ഏഴ് മണിക്കാരംഭിക്കുന്ന മത്സരം ബാഴ്‌സ ടിവിയും ബാഴ്സലോണയുടെ ഔദ്യോഗിക യുടൂബ് ചാനലും സംപ്രേക്ഷണം ചെയ്യും.