ഹൈദരാബാദ് ടെസ്റ്റില്‍ തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്‌ച്ചവെക്കുന്ന റിഷഭ് പന്തിനെ കുറിച്ച് പ്രവചനം നടത്തി മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറിക്ക് 15 റണ്‍സ് അകലെയാണ് യുവതാരം. വെറും 21 വയസ് മാത്രമുള്ള പന്ത്...
ഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ വിന്‍ഡീസിനെ അടിച്ചൊതുക്കുന്ന റിഷഭ് പന്തിനെ കുറിച്ച് പ്രവചനവുമായി മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. വെറും 21 വയസ് മാത്രമുള്ള പന്ത് ഒരു സൂപ്പര്‍ താരം ആകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് ഇതിഹാസ താരം പറയുന്നു. ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറിക്ക് 15 റണ്‍സ് അകലെ നില്‍ക്കുന്ന പന്തിന്‍റെ പ്രകടനമാണ് വോണിനെ കുറിച്ച് ഇങ്ങനെ പറയിപ്പിച്ചത്.
വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ 120 പന്തില്‍ 10 ഫോറും രണ്ട് സിക്സും സഹിതം 85 റണ്‍സ് എടുത്തിട്ടുണ്ട് പന്ത്. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ നാല് വിക്കറ്റിന് 308 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. പന്തിനൊപ്പം 75 റണ്‍സുമായി അജിങ്ക്യ രഹാനെയാണ് ക്രീസില്‍. ഇരുവരും അഞ്ചാം വിക്കറ്റില്‍ പുറത്താകാതെ 146 റണ്‍സ് പടുത്തുയര്‍ത്തിയിട്ടുണ്ട്. കരിയറിലെ തന്‍റെ രണ്ടാം ടെസ്റ്റ് സെഞ്ചുറി മൂന്നാം ദിനം പന്ത് സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. രാജ്കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റിലും പന്ത്(92) മികവ് കാട്ടിയിരുന്നു.

സങ്കീര്‍ണമായ ഇംഗ്ലീഷ് മണ്ണിലാണ് കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ചുറി പന്ത് അടിച്ചെടുത്തത്. ഓവല്‍ ടെസ്റ്റില്‍ അന്ന് 117 പന്തിലായിരുന്നു പന്തിന്‍റെ വിളയാട്ടം. തന്‍റെ മൂന്നാം ടെസ്റ്റിലായിരുന്നു ഈ ഇന്നിംഗ്സ്. ഇംഗ്ലണ്ടില്‍ സെഞ്ചുറി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്ത് മത്സരത്തില്‍ സ്വന്തമാക്കി. അന്ന് പന്തിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് കണ്ട് ഒട്ടേറെ മുന്‍ താരങ്ങള്‍ പ്രശംസയുമായെത്തിരുന്നു.
