വിദേശത്ത് മികച്ച റെക്കോര്‍ഡില്ലാത്ത ടീം ഇന്ത്യയും സമീപകാലത്ത് കാര്യമായ നേട്ടം ഉണ്ടാക്കാത്ത ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആര്‍ക്കും മുന്‍തൂക്കമില്ല. കാലാവസ്ഥാ മാറ്റം ഇംഗ്ലണ്ടിന് തിരിച്ചടിയാകും

ലണ്ടന്‍: ഏറെ പ്രതീക്ഷകളുമായാണ് ഇന്ത്യന്‍ ടീം ഇംഗ്ലീഷ് മണ്ണില്‍ പര്യടനത്തിനായി പോയത്. ക്രിക്കറ്റില്‍ വിജയങ്ങള്‍ തുടര്‍ക്കഥയാക്കിയ ടീമിന് വിദേശ മണ്ണില്‍ കളി മറക്കുന്നവരെന്ന ദുഷ്‍പേര് മായിച്ചു കളയണമെന്ന ലക്ഷ്യമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാല്‍, ട്വന്‍റി പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തില്‍ ഏകദിനത്തിന് ഇറങ്ങിയ വിരാട് കോലിയും കൂട്ടരും തോല്‍വിയേറ്റ് വാങ്ങി.

ഇനി മുന്നിലുള്ളത് ടെസ്റ്റ് എന്ന യഥാര്‍ഥ പരീക്ഷണമാണ്. ഇംഗ്ലീഷ് മണ്ണിലെ പരമ്പര വിജയം ഇന്ത്യന്‍ യുവനിരയുടെ സ്വപ്നമാണ്. പക്ഷേ, എല്ലാവരും ഇംഗ്ലണ്ടിന് സാധ്യത കല്‍പ്പിക്കുമ്പോള്‍ ഇന്ത്യയെ സൂക്ഷിക്കണമെന്ന നിര്‍ദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇംഗ്ലീഷ് മുന്‍ നായകന്‍ ഗ്രഹാം ഗൂച്ച്. ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കും ഇംഗ്ലണ്ടിനും തുല്യസാധ്യതയെന്നാണ് ഗൂച്ച് പറയുന്നത്.

നായകന്‍ കോലിയുടെ നിശ്ചയദാര്‍ഢ്യത്തെ ഇംഗ്ലണ്ട് പേടിക്കണമെന്നും ഗൂച്ച് പറഞ്ഞു. വിദേശത്ത് മികച്ച റെക്കോര്‍ഡില്ലാത്ത ടീം ഇന്ത്യയും സമീപകാലത്ത് കാര്യമായ നേട്ടം ഉണ്ടാക്കാത്ത ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആര്‍ക്കും മുന്‍തൂക്കമില്ല. കാലാവസ്ഥാ മാറ്റം ഇംഗ്ലണ്ടിന് തിരിച്ചടിയാകുമെന്നും ഗ്രഹാം ഗൂച്ച് പറഞ്ഞു. നായകന്മാരായ വിരാട് കോലിയും ജോ റൂട്ടും മികച്ച ബാറ്റ്സ്മാന്മാരാണ്.

എന്നാല്‍, കഴിഞ്ഞ പര്യടനത്തിലെ പിഴവ് പരിഹരിക്കാനുള്ള നിശ്ചയദാര്‍ഢ്യം കോലിക്ക് കരുത്താകും. മുന്‍ പരമ്പരകളിലേതു പോലെ സമ്പൂര്‍ണ ആധിപത്യം നേടാന്‍ ഒരു ടീമിനും കഴിഞ്ഞേക്കില്ല. ഇംഗ്ലണ്ടിനായി 118 ടെസ്റ്റ് കളിച്ചിട്ടുള്ള ഗൂച്ച് , 1990ലെ ലോര്‍ഡ്സ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിരുന്നു.