അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ എപ്പോഴെന്ന ചോദ്യത്തിന് ഗൗതം ഗംഭീറിന്റെ തകര്‍പ്പന്‍ മറുപടി. 2016ന് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാത്ത മുന്‍ ഓപ്പണര്‍ 37-ാം വയസില്‍ വിരമിക്കലിനെ കുറിച്ച് പറയുന്നതിങ്ങനെ...

ദില്ലി: വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി 37-ാം ജന്‍മദിനം ആഘോഷമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഡല്‍ഹിക്കായി ഹരിയാനക്കെതിരെ വെറും 72 പന്തില്‍ 16 ബൗണ്ടറികള്‍ സഹിതമായിരുന്നു ഗംഭീര്‍ 104 റണ്‍സടിച്ചത്. ഗംഭീറിന്‍റെ സെഞ്ചുറിക്കരുത്തില്‍ ഡല്‍ഹി സെമി ബര്‍ത്ത് ഉറപ്പിച്ചു. എന്നാല്‍ 2016ന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ കുപ്പായമണിയാന്‍ ഗംഭീറിനായിട്ടില്ല.

എന്നാല്‍ മിന്നും ഫോമിലാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഗംഭീറിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുക എളുപ്പമല്ല. ഇതോടെ ഗംഭീറിന്‍റെ വിരമിക്കല്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. വിരമിക്കലിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് വെടിക്കെട്ട് സെഞ്ചുറി പോലെയായിരുന്നു മുന്‍ ഇന്ത്യന്‍ ഓപ്പണറുടെ മറുപടി. 'റണ്‍സ് കണ്ടെത്തുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അത് വളരെയധികം സന്തോഷം നല്‍കുന്നു. ഡ്രസിംഗ് റൂമില്‍ തിരിച്ചെത്തുന്നതും സന്തോഷമാണ്'. അതുകൊണ്ട് ഉടനൊന്നും വിരമിക്കാന്‍ പദ്ധതിയില്ലെന്ന് താരം വ്യക്തമാക്കി.

ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താമെന്ന ആത്മവിശ്വാസം 37-ാം വയസിലും ഗംഭീറിന് നഷ്ടപ്പെട്ടിട്ടില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. 2004ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഗംഭീര്‍ 2009ല്‍ റാങ്കിംഗില്‍ ഗംഭീര്‍ ഒന്നാമതെത്തിയിരുന്നു. ഇന്ത്യയുടെ 2007ലെ ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് വിജയത്തില്‍ നിര്‍ണായക ഇന്നിംഗ്സുകള്‍ സംഭാവന ചെയ്യാനും താരത്തിനായി.