പാരിസ്: ഫ്രഞ്ച് ലീഗില്‍ പിഎസ്ജി-നാന്‍റസ് മത്സരത്തിനിടെ കളിക്കാരനെ ചവിട്ടിയ റഫറിക്കെതിരെ അച്ചടക്കനടപടി. 45കാരനായ ഫ്രഞ്ച് റഫറി ടോണി ഷാപ്രോണിയെ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ സസ്പെന്‍ഡ് ചെയ്തു. നാന്‍റസ് താരം ഡീഗോ കാര്‍ലോസിനെ ചവിട്ടിയ ശേഷം ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കിയ ടോണി ഷാപ്രോണിയുടെ നടപടി വിവാദമായിരുന്നു.
ഞാറാഴ്ച്ച പിഎസ്ജിയും നാന്‍റസും തമ്മിലുള്ള മത്സരത്തിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്. ചൂടുപിടിച്ച മത്സരത്തിന്‍റെ അവസാന മിനുറ്റില്‍ ഓട്ടത്തിനിടെ ഡീഗോ കാര്‍ലോസ് അബദ്ധത്തില്‍ റഫറിയെ തട്ടിയിട്ടു. എന്നാല്‍ കലിപ്പുപിടിച്ച റഫറി കളിക്കാരന്‍റെ കാലില്‍ തൊഴിച്ച് പ്രതികാരം വീട്ടി. പിന്നാലെ ചാടിയെണീറ്റ് ഡീഗോ കാര്‍ലോസിന് നേരെ ചുവപ്പ് കാര്‍ഡ് നീട്ടി.
നാന്‍റസ് കളിക്കാര്‍ മൈതാനത്ത് പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനത്തില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് വിവാദ റഫറി ടോണി ചാപ്രോണിനെ വിലക്കണമെന്ന ആവശ്യവുമായി നാന്റസ് അധികൃതര്‍ മത്സരശേഷം രംഗത്തെത്തിയിരുന്നു. നിലത്ത് വീണപ്പോളുണ്ടായ വേദനയെ തുടര്‍ന്നുള്ള സ്വാഭാവിക പ്രതികരണമാണിതെന്ന് വ്യക്തമാക്കിയ ടോണി ഷാപ്രോണി നടപടി ഉറപ്പായതോടെ മാപ്പ് പറഞ്ഞിരുന്നു.
ഷാപ്രോണ്‍ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍റെ അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരായി വിചാരണ നേരിടണം. വിചാരണയ്ക്ക് ശേഷം കൂടുതല്‍ നടപടിക്കായി ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ ഫിഫയെ സമീപിക്കാന്‍ സാധ്യതയുണ്ട്. കരിയറില്‍ 450 മത്സരങ്ങളിലേറെ നിയന്ത്രിച്ചിട്ടുള്ള ടോണി ഷാപ്രോണ്‍ ഫുട്ബോളിലെ കടുപ്പക്കാരനായ റഫറിമാരില്‍ ഒരാളാണ് എന്നാണ് അറിയപ്പെടുന്നത്.
