തിരുവന്തപുരം: മഴയില്‍ കുതിരാത്ത ക്രിക്കറ്റ് ആവേശത്തില്‍ ഏഴ് മണിക്ക് തുടങ്ങേണ്ട മത്സരം തുടങ്ങിയത് 9.30ന്. കാര്യവട്ടത്തെ ആദ്യ അന്താരാഷ്ട്ര മത്സരം കാണാനെത്തിയ കാണികളെ തകര്‍ത്തു പെയ്ത മഴ നിരാശരാക്കിയില്ല. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ തിങ്ങിനിറഞ്ഞ ഗ്യാലറിക്കു മുന്നില്‍ ആദ്യ പന്ത് എറിഞ്ഞപ്പോള്‍ ഗ്യാലറി ആര്‍ത്തിരമ്പി. ആദ്യ രാജ്യാന്തര മത്സരത്തില്‍ സ്വന്തം ടീമിനെ പിന്തുണയ്ക്കാന്‍ ദിവസം മുഴുവന്‍ മഴ നനഞ്ഞ കാണികളാണ് കാര്യവട്ടത്തെ വിജയശില്‍പികള്‍.
നേരത്തെ അറിയിച്ചിരുന്നതു പ്രകാരം നാല് മണിക്കാണ് സ്റ്റേഡിയത്തില്‍ കാണികള്‍ പ്രവേശിക്കേണ്ടിയിരുന്നത്. എന്നാല്‍ ഉച്ചയ്ക്ക മുമ്പ് തന്നെ ആയിരക്കണക്കിന് ആരാധകര്‍ സ്റ്റേഡിയം പരിസരത്തെത്തി. കനത്ത മഴയെ അവഗണിച്ച് മത്സരം തുടങ്ങുന്നതിനായുള്ള പ്രഖ്യാപനത്തിനായി അവര്‍ കാത്തിരുന്നു. മത്സരം എട്ടോവറാക്കി ചുരുക്കയെങ്കിലും ഒമ്പത് മണിയോടെ കാത്തിരുന്ന പ്രഖ്യാപനമെത്തി. അതോടെ ആറ് മണിക്കൂറിലധികം നീണ്ട കാത്തിരിപ്പിന് വിരാമിട്ട് ഓരോ പന്തിനും ഗ്യാലറിയുടെ ആവേശത്തിരയിളക്കം.
