ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ മോശം പ്രവണതകള്‍ക്കെതിരെ രാജിക്കത്തിലൂടെ ആഞ്ഞടിച്ച് ചരിത്രകാരനും സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഇടക്കാല ഭരണസമിതി അംഗവുമായിരുന്ന രാമചന്ദ്ര ഗുഹ. ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായ്‌ക്ക് അയച്ച രാജിക്കത്തിലാണ് ഗുഹ ഇന്ത്യന്‍ ക്രിക്കറ്റിലെ താരദൈവങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നല്ലഭാവിക്കായി ഗുഹ പ്രധാനമായും എട്ടുകാര്യങ്ങളാണ് രാജിക്കത്തില്‍ പറയുന്നത്.

രാഹുല്‍ ദ്രാവിഡ് ഒരേസമയം ഇന്ത്യന്‍ എ ടീമിന്റെ പരിശീലകനായിരിക്കുന്നതിനൊപ്പം ഐപിഎല്‍ ടീമിന്റെ മെന്ററായി സേവനമനുഷ്ഠിക്കുന്നതിനെ ഗുഹ രാജിക്കത്തില്‍ വിമര്‍ശിക്കുന്നു. ഭിന്നതാല്‍പര്യമുണഅടാകരുതെന്ന് ലോധ സമിതി തന്നെ നിഷ്കര്‍ഷിച്ചിട്ടും ബിസിസിഐയുമായുള്ള കരാറിലെ പഴുതുകള്‍ ഫലപ്രദമായി വിനിയോഗിച്ച് ഒരുതാരം ഒരേസമയം ഇന്ത്യന്‍ എ ടീമിന്റെയും ഐപിഎല്‍ ടീമിന്റെയും പരിശീലകനായി തുടരുന്നത് വിരോധാഭാസമാണെന്ന് ദ്രാവിഡിന്റെ പേരെടുത്ത് പറയാതെ ഗുഹ ചൂണ്ടിക്കാട്ടുന്നു. ചിലര്‍ക്ക് മാത്രം ബിസിസിഐ പ്രത്യേക പരിഗണന നല്‍കുന്നതിന് തെളിവാണിതെന്നും ഗുഹ പറഞ്ഞു. ഇത്തരം ഭിന്നതാല്‍പര്യങ്ങള്‍ ഉയരാതിരിക്കാനായി സീനിയര്‍, ജൂനിയര്‍, ക്രിക്കറ്റ് അക്കാദമി തലങ്ങളിലുള്ള പരിശീലകര്‍ക്കെല്ലാം മികച്ച പ്രതിഫലം നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ചില താരങ്ങള്‍ ഫലപ്രദമായി മുതലെടുത്തു.

പരിശീലകര്‍ക്കിടയില്‍ മാത്രമല്ല കളിക്കാരോടും ബിസിസിഐ സൂപ്പര്‍താര സിന്‍ഡ്രോം പുലര്‍ത്തുന്നുണ്ടെന്നും അതിനാലാണ് ടെസ്റ്റഅ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് പോലും ധോണിക്ക് 2 കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന എ ഗ്രേഡ് കോണ്‍ട്രാക്ട് നല്‍കിയതെന്നും ഗുഹ പറയുന്നു. ഐപിഎല്‍ ബിസിസിഐയുടെ ഷോ പീസ് ഇവന്റാണെങ്കിലും അതില്‍ നിന്നുള്ള വരുമാനം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന താരങ്ങള്‍ക്ക് കൂടി നല്‍കണമെന്നും അവരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നുമുള്ള സമിതിയുടെ ആവശ്യം അവഗണിക്കപ്പെട്ടു. രഞ്ജി ട്രോഫി കളിക്കുന്ന ഒരു കളിക്കാരന് ഇപ്പോഴും 30000 രൂപ മാത്രമാണ് ലഭിക്കുന്നതെന്നും ഗുഹ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌ക്കറെയും ഗുഹ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കമന്റേറ്ററായ സുനില്‍ ഗവാസ്‌ക്കറുടെ റോള്‍ ചോദ്യം ചെയ്യുന്ന ഗുഹ ഗവാസ്‌ക്കറിന്റെ പ്ലെയര്‍ മാനേജ്‌മെന്റ് കമ്പനിക്കെതിരെയും ആഞ്ഞടിക്കുന്നു. ഗവാസ്കറുടെ കമ്പനിയുമായി കരാറുള്ള താരങ്ങളെ കമന്ററിക്കിടെ പുകഴ‌്‌ത്തിയാല്‍ അത് ഭിന്നതാല്‍പര്യത്തില്‍പെടില്ലേ എന്നും ഗുഹ ചോദിച്ചു.

ബിസിസിഐ കുംബ്ലെയെ കൈകാര്യം ചെയ്യുന്ന രീതിയേയും ഗുഹ വിമര്‍ശിക്കുന്നു. കുംബ്ലെയുടെ കരാറുമായി ബന്ധപ്പെട്ട കാര്യത്തില്‍ ബി.സി.സി.ഐ ഇടപെട്ട രീതി ശരിയില്ലെന്നും കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതിന്റെ ക്രെഡിറ്റ് കളിക്കാര്‍ക്ക് ലഭിക്കുമ്പോള്‍ അതില്‍ കുറച്ചെങ്കിലും പരിശീലകനും സപ്പോര്‍ട്ട് സ്റ്റാഫിനും അവകാശപ്പെട്ടതാണെന്നും ഗുഹ ചൂണ്ടികാണിക്കുന്നു. നീതിയുടെയും ന്യായത്തിന്റെയും ഭാഗത്ത് നിന്ന് നോക്കുകയാണെങ്കില്‍ കുംബ്ലെയുടെ പരിശീലന കരാര്‍ നീട്ടുകയാണ് ബി.സി.സി.ഐ ചെയ്യേണ്ടതൈന്നും ഗുഹയുടെ കത്തില്‍ പറയുന്നു.