കോഴവിവാദത്തില്‍ പെട്ട് മുഖം നഷ്ടമായ ഇന്ത്യന്‍ ക്രിക്കറ്റിനെ രണ്ടായിരമാണ്ടിന്‍റെ തുടക്കത്തില്‍ രക്ഷിച്ചത് ഗാംഗുലിയെന്ന നായകനായിരുന്നു. ഗാംഗുലി അധ്യക്ഷ സ്ഥാനത്തെത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് ഉയരുന്നത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ തലപ്പത്തേക്ക് സൗരവ് ഗാംഗുലി മടങ്ങിയെത്തുന്നു. ഒരു വ്യാഴവട്ടം മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റിന് സമാനതകളില്ലാത്ത നേട്ടം സമ്മാനിച്ച നായകനായിരുന്ന ഗാംഗുലി രണ്ടാം വരവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്നാണ് വ്യക്തമാകുന്നത്. 

ആരാധകരുടെയും താരങ്ങളുടെയും സ്വന്തം ദാദ ബിസിസിഐ പ്രസിഡന്‍റാകുമെന്ന് പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോധ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെയും സുപ്രീം കോടതി ഉത്തരവുകളുടെയും അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ബിസിസിഐ അധ്യക്ഷ സ്ഥാനത്തെത്താന്‍ സര്‍വഥാ യോഗ്യന്‍ ഗാംഗുലിയാണ്.

ബിസിസിഐയിലെ നിലവിലെ അംഗങ്ങളെല്ലാം ദാദയുടെ വരവിനെ അനുകൂലിക്കുന്നവരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ തലപ്പത്ത് നിന്നും രാഷ്ട്രീയനേതാക്കളെയെല്ലാം പുറത്താക്കിയ സുപ്രീം കോടതി മുന്‍ താരങ്ങള്‍ തലപ്പത്തെത്തണമെന്ന നിലപാടിലാണ്.

കോഴവിവാദത്തില്‍ പെട്ട് മുഖം നഷ്ടമായ ഇന്ത്യന്‍ ക്രിക്കറ്റിനെ രണ്ടായിരമാണ്ടിന്‍റെ തുടക്കത്തില്‍ രക്ഷിച്ചത് ഗാംഗുലിയെന്ന നായകനായിരുന്നു. ഗാംഗുലി അധ്യക്ഷ സ്ഥാനത്തെത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.

നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി പ്രവര്‍ത്തിക്കുന്ന ഗാംഗുലി ബി.സി.സി.ഐയുടെ ടെക്‌നിക്കല്‍ കമ്മിറ്റിയിലും ഉപദേശകസമിതിയിലും ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സിലിലും അംഗമാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും അപേക്ഷിക്കില്ലെങ്കില്‍ മാത്രമേ താനുള്ളുവെന്ന നിലപാടിലാണ് സൗരവ് എന്നാണ് വ്യക്തമാകുന്നത്.