ഒന്നാം ടെസ്റ്റിലെ തോൽവിക്ക് കോലിയുടെ നേതൃത്വത്തെ കുറ്റുപ്പെടുത്താൻ കഴിയില്ലെന്നും ഗാംഗുലി പറഞ്ഞു.
എഡ്ജ്ബാസ്റ്റണ്‍: ആദ്യ ടെസ്റ്റിൽ തോൽവി വഴങ്ങിയെങ്കിലും ഇന്ത്യൻ ടീമിൽ മാറ്റം വരുത്തരുതെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഓപ്പണർ മുരളി വിജയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യരഹാനെയും ബാറ്റിംഗിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും ഗാംഗുലി പറഞ്ഞു. ഒന്നാം ടെസ്റ്റിൽ ഇന്ത്യ 31 റൺസിനാണ് തോറ്റത്.
വിജയ് രണ്ടിന്നിംഗ്സിലുമായി 26 റൺസും രഹാനെ 17 റൺസുമാണ് നേടിയത്. മികച്ച ടീമാണ് ഇന്ത്യയുടേത്. അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയിൽ ഇന്ത്യക്ക് തിരിച്ചടിക്കാനുള്ള സമയമുണ്ട്. ഇതിന് ബാറ്റ്സ്മാമാര്‍ കൂടുതൽ ഉത്തരവാദിത്വത്തോടെ കളിക്കണം. ഒന്നാം ടെസ്റ്റിലെ തോൽവിക്ക് കോലിയുടെ നേതൃത്വത്തെ കുറ്റുപ്പെടുത്താൻ കഴിയില്ലെന്നും ഗാംഗുലി പറഞ്ഞു.
നേരത്തേ, ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച് ഗാംഗുലി രംഗത്ത് വന്നിരുന്നു. ഇന്ത്യയുടെ പരാജയത്തിന് കാരണം കോലി ഒഴികെയുള്ള ബാറ്റ്‌സ്മാന്‍മാരുടെ പരാജയമാണെന്ന് ദാദ തുറന്നടിച്ചു. ആദ്യ ടെസ്റ്റില്‍ വിരാട് കോലി നന്നായി കളിച്ചു. അല്ലായിരുന്നെങ്കില്‍ ഉഴപ്പിക്കളിച്ച ഇന്ത്യ രണ്ടാം ദിനം തന്നെ മത്സരത്തില്‍ നിന്ന് അപ്രത്യക്ഷമാകുമായിരുന്നു.
ടെസ്റ്റ് വിജയിക്കണമെങ്കില്‍ എല്ലാവരും റണ്‍സ് കണ്ടെത്തേണ്ടതുണ്ട്. വിജയ്‍യും രഹാനെയും ഇംഗ്ലീഷ് സാഹചര്യത്തില്‍ മുന്‍പ് റണ്‍സ് കണ്ടെത്തിയിട്ടുള്ളവരാണെന്നും ദാദ പറഞ്ഞു. ഇംഗ്ലണ്ടില്‍ ടെസ്റ്റ് തോല്‍വി വഴങ്ങാത്ത അപൂര്‍വ്വം ഇന്ത്യന്‍ നായകന്‍മാരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. 2002ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ദാദയുടെ സംഘം 1-1ന്‍റെ സമനില നേടിയിരുന്നു.
ഇന്ത്യയെ 49 ടെസ്റ്റില്‍ നയിച്ച ദാദ 21-ലും വിജയത്തിലെത്തിച്ചു. നിലവിലെ നായകന്‍ കോലിക്ക് കീഴിലും ഇന്ത്യ 21 ടെസ്റ്റ് വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. എഡ്ജ്ബാസ്റ്റണില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യന്‍ തോല്‍വി. ലോഡ്‌സില്‍ ഒമ്പതിന് രണ്ടാം ടെസ്റ്റ് ആരംഭിക്കും.
