വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിലെ പിച്ച് ഒരുതരത്തിലും ബാറ്റ്‌സ്‌മാൻമാരെ സഹായിക്കുന്നതല്ലെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഇത്തരത്തിലുള്ള പിച്ചുകളിൽ ടെസ്റ്റ് മൽസരം നടത്തുന്നത് ഒട്ടും അനുയോജ്യമല്ലെന്ന് ഗാംഗുലി പറഞ്ഞു. 2003ൽ ന്യൂസിലാന്‍ഡിലും ഇത്തരത്തിലുള്ള പിച്ചുകളിലായിരുന്നു മൽസരം നടന്നത്. അന്ന് ബാറ്റ്‌സ്‌മാൻമാരുടെ ശവപ്പറമ്പായിരുന്നു ന്യൂസിലാന്‍ഡിലെ പിച്ചുകള്‍. ഇത്തരം പിച്ചുകള്‍ ടെസ്റ്റ് മൽസരത്തിന് ഉപയോഗിക്കുന്നത് ഐസിസി പരിശോധിക്കണമെന്നും ഗാംഗുലി ആവശ്യപ്പെട്ടു. ബിസിസിഐയും ഇന്ത്യൻ നായകൻ വിരാട് കോലിയും ഇക്കാര്യം ഐസിസിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും കളിയുടെ കമന്ററിക്കിടെ ഗാംഗുലി പറഞ്ഞു. പച്ചപ്പ് ഏറെയുള്ള പിച്ചിൽനിന്ന് പേസ് ബൗളര്‍മാര്‍ക്ക് ആവശ്യത്തിലേറെ ബൗണ്‍സും വേഗവും ലഭിച്ചു. ഇതു മുതലാക്കാൻ ദക്ഷിണാഫ്രിക്കൻ പേസര്‍മാര്‍ക്ക് സാധിക്കുകയും ചെയ്തു. കോലി, പൂജാര എന്നിവരൊഴികെ ആര്‍ക്കും തിളങ്ങാനായില്ല. വാലറ്റത്ത് ഭുവനേശ്വര്‍കുമാര്‍ പുറത്തെടുത്ത പോരാട്ടവീര്യമാണ് ഇന്ത്യൻ സ്‌കോര്‍ 200ന് അടുത്തെങ്കിലും എത്തിച്ചത്.