ലിവര്‍പൂളിനെതിരായ ആദ്യ ഇലവനില്‍ ബെയ്‌ലിനെ ഇറക്കാന്‍ സിദാന്‍ തയ്യാറായില്ല യുണൈറ്റഡ്‌ ബെയ്‌ലുമായി ചര്‍ച്ച നടത്തി
ലിവര്പൂളിന്റെ പോരാട്ടവീര്യത്തെ മറികടന്ന് ചാമ്പ്യന്സ് ലീഗ് കിരീടം നേടിയതിന്റെ ആഘോഷം സാന്റിയാഗോ ബര്ണബ്യുവില് തുടരുകയാണ്. തുടര്ച്ചയായി മൂന്ന് വട്ടം യൂറോപ്യന് ഫുട്ബോളിന്റെ അപ്പോസ്തലപട്ടം സ്വന്തമാക്കിയതിന്റെ പകിട്ടിലാണ് റയല് ആരാധകരെല്ലാം. എന്നാല് കിരീട നേട്ടത്തിന് പിന്നാലെ മാഡ്രിഡില് നിന്ന് പുറത്തുവരുന്ന വാര്ത്തകള് ആരാധകരെ സംബന്ധിച്ചടുത്തോളം അത്ര ശുഭകരമല്ല. റയല് മാഡ്രിഡില് തുടരുന്നതിലെ അസ്വസ്ഥത പ്രകടമാക്കി ആദ്യം രംഗത്തെത്തിയത് ക്രിസ്റ്റ്യാനോ റൊണാള്ഡോയാണെങ്കിലും ഇപ്പോള് വാര്ത്തകളെല്ലാം ബെയ്ലിനെ ചുറ്റിപറ്റിയാണ്. എണ്ണം പറഞ്ഞ രണ്ട് ഗോളുകളിലൂടെ ബെയ്ലായിരുന്നു ചാമ്പ്യന്സ് ലീഗ് സാന്റിയാഗോ ബര്ണബ്യൂവിലെത്തിക്കുന്നതില് നിര്ണായകമായത്.
ബെയ്ലിന്റെ മനോഹരമായ ആ രണ്ട് ഗോളുകളും ആരോടൊക്കയോ കണക്കുതീര്ക്കുന്നത് കൂടിയായിരുന്നു എന്നാണ് വിലയിരുത്തപ്പെട്ടത്. ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാള് എന്ന വിശേഷണവുമായാണ് ബെയ്ല് റയലിലെത്തിയത്. എന്നാല് പലപ്പോഴും ക്രിസ്റ്റ്യാനോയുടെ നിഴലില് ഒതുങ്ങാനായിരുന്നു വിധി. പരിക്കും ഫോം നഷ്ടവും കൂടിയായതോടെ ആദ്യ ഇലവനിലെ സ്ഥാനവും നഷ്ടമായി. ചാമ്പ്യന്സ് ലീഗ് ഫൈനലിലും സാഹചര്യം മറ്റൊന്നായിരുന്നില്ല. ലിവര്പൂളിനെതിരായ ആദ്യ ഇലവനില് ബെയ്ലിനെ ഇറക്കാന് സിദാന് തയ്യാറായില്ല. എന്നാല് 61 ാം മിനിട്ടില് ഇസ്കോയുടെ പകരക്കാരനായി കളത്തിലെത്തിയ ബെയ്ല് മൂന്നാം മിനിട്ടില് അത്ഭുതം കാട്ടുകയായിരുന്നു. തന്റെ പ്രതിഭയെ അപമാനിച്ചവര്ക്കെല്ലാമുള്ള മറുപടിയാണ് ബെയ്ല് ബൈസിക്കിള് കിക്കിലൂടെ വലകുലുക്കി നല്കിയത്.
ഇപ്പോഴിതാ റയലിന്റെ പടിയിറങ്ങുകയാണ് ബെയ്ല്. വര്ഷങ്ങള്ക്ക് മുമ്പ് ലോകത്തെ ഏറ്റവും വിലപിടിച്ച താരമെന്ന പകിട്ടോടെ റയലിലെത്തിയ ബെയ്ലിന് തല ഉയര്ത്തി മടങ്ങാനുള്ള അവസരം കൂടിയാണ് ചാമ്പ്യന്സ് ലീഗ് കലാശക്കളിയിലെ ആ രണ്ട് ഗോളുകളും സമ്മാനിച്ചത്. കാര്യങ്ങള് ശുഭകരമായി പര്യവസാനിക്കുമെങ്കില് ഹോസെ മൗറീന്യോയുടെ മാഞ്ചസ്റ്റര് യുണൈറ്റഡിലാകും ബെയ്ല് അടുത്ത സീസണില് പന്തുതട്ടുക. മാഞ്ചസ്റ്റര് യുണൈറ്റഡ് ബെയ്ലുമായി ചര്ച്ച നടത്തിയതായി റിപ്പോര്ട്ടുകള് പുറത്തുവന്നിട്ടുണ്ട്.
ടോട്ടനം ഹോട്സ്പറിലേക്ക് മടങ്ങുമെന്നായിരുന്നു ആദ്യ വാര്ത്തകളെങ്കിലും മൗറീന്യോയും സംഘവും കോടികളുടെ പണകിലുക്കവുമായി ബെയ്ലിന് പിന്നാലെയുണ്ട്. മാഞ്ചസ്റ്റര് യുണൈറ്റഡ് എന്താണോ ആഗ്രഹിക്കുന്നത്, അതാണ് ബെയ്ല് ചാമ്പ്യന്സ് ലീഗില് കാട്ടിയതെന്നാണ് മൗറീന്യോ പ്രതികരിച്ചത്. റയലിന്റെ പരിശീലകനായിരുന്ന കാലത്ത് മൗറീന്യോയുടെ പ്രിയപ്പെട്ട താരം കൂടിയായിരുന്നു ബെയ്ല്. അതുകൊണ്ടുതന്നെ മാഞ്ചസ്റ്ററിന്റെ കിരീട വരള്ച്ചയ്ക്ക് പരിഹാരം കാണാന് ബെയ്ല് എത്തുമെന്നാണ് കായികലോകത്തിന്റെ വിലയിരുത്തല്.
