കൊല്‍ക്കത്ത: ധോണിയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം ഗൌതം ഗംഭീര്‍ രംഗത്തെത്തിയത്. ധോണിയുടെ ക്യാപ്റ്റന്‍സിയെ മാനിക്കണമെന്നും താനേറെ ആസ്വദിച്ചത് ധോണിയ്ക്ക് കീഴിലായിരുന്നെന്നും ഗംഭീര്‍ വ്യക്തമാക്കി. നിങ്ങള്‍ ധോണിയുടെ ക്യാപ്റ്റന്‍സിയെ മാനിക്കണം. പലര്‍ക്കും സാധിക്കാത്തതാണ് അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി ചെയ്തത് പ്രത്യേകിച്ചും മോശം ഘട്ടങ്ങളില്‍. ഉയര്‍ച്ചയെ കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമാണ്. പക്ഷെ താഴ്ച്ചകളെ അദ്ദേഹം കൈകാര്യം ചെയ്ത രീതി എടുത്തു പറയേണ്ടതാണ്
ഗംഭീര്‍ പറയുന്നു

2011-12 സീസണില്‍ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും 4-0ന് തോറ്റ സമയത്ത് വികാരം പുറത്തു കാണിക്കാതെ ശാന്തനായിരുന്നു ധോണിയെന്നും അതിന് ധോണിയെ അഭിനന്ദിച്ചേ മതിയാവൂവെന്നും ഗംഭീര്‍ പറയുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വീക്ക്ലി ടി.വി ഷോ ആയ നൈറ്റ് ക്ലബ്ബിലായിരുന്നു മുന്‍ നായകന് പിന്തുണയുമായി ഗംഭീര്‍ രംഗത്തെത്തിയത്.

ധോണിയ്ക്ക് കീഴില്‍ കളിച്ചിരുന്നത് താന്‍ ഒരുപാട് ആസ്വദിച്ചിരുന്നുവെന്നും ഗംഭീര്‍ പറയുന്നു. ' ഞാന്‍ സൗരവിനും ദ്രാവിഡിനും വീരുവിനും കീഴില്‍ കളിച്ചിട്ടുണ്ട്. പക്ഷെ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് ധോണിയുടെ കളിച്ചപ്പോഴായിരുന്നു. ഞങ്ങള്‍ ഏതാണ്ട് ഒരേ പ്രായവുമാണ്. എപ്പോഴും ശാന്തനാണ് ധോണി. കാര്യങ്ങളെ സിമ്പിളായി നിലനിര്‍ത്തുന്നതാണ് ധോണിയുടെ പ്രത്യേകത'. ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്റിനെതിരായ പരമ്പരയ്ക്കു ശേഷം വി.വി.എസ്.ലക്ഷ്മണ്‍, അജിത്ത് അഗാര്‍ക്കര്‍, ആകാശ് ചോപ്ര തുടങ്ങിയ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ധോണിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ടി20യില്‍ ധോണിയ്ക്കു പകരം പുതുമുഖങ്ങളെ കണ്ടെത്തണം എന്നായിരുന്നു അവരുടെ വാദം.