ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ധോണിയുടെയും യുവരാജ് സിംഗിന്റെയും ഭാവിയെക്കുറിച്ച് മനസുതുറന്ന് ഗൗതം ഗംഭീര്‍. നിലവിലെ സാഹചര്യത്തില്‍ യുവരാജിന് ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്ന് ഗംഭീര്‍ പറഞ്ഞു. യുവരാജിന് വിശ്രമം നല്‍കിയെന്നാണ് സെലക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം കാര്യമായി ക്രിക്കറ്റ് കളിക്കാത്ത യുവരാജിന് എന്തിനാണ് വിശ്രമം നല്‍കുന്നത്.

യുവരാജിനെ അടുത്ത ലോകകപ്പിലും കളിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് പരമാവധി അവസരങ്ങള്‍ നല്‍കുകയല്ലേ വേണ്ടതെന്നും ക്രിക്ക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗംഭീര്‍ ചോദിച്ചു. തുടര്‍ച്ചയായി കളിച്ചാല്‍ മാത്രമെ യുവിക്ക് പഴയ താളത്തില്‍ ബാറ്റ് ചെയ്യാനാവൂ. ഒരു പരമ്പരയില്‍ കളിച്ച് അടുത്ത പരമ്പരയില്‍ വിശ്രമം അനുവദിച്ചാല്‍ യുവിക്ക് ആ താളം വീണ്ടെടുക്കാനാവില്ല. അതുകൊണ്ടുതന്നെ ടീമിലേക്കുള്ള തിരിച്ചുവരവ് യുവിക്ക് എളുപ്പമാവില്ല. എന്നാല്‍ യുവി പലതവണ അസാധ്യമായത് സാധ്യമാക്കിയിട്ടുള്ള ഇതിഹാസ താരമാണെന്നും ഗംഭീര്‍ പറഞ്ഞു.

2019ലെ ലോകകപ്പ് വരെ ടീമില്‍ തുടരണമെങ്കില്‍ ധോണിക്ക് മികച്ച പ്രകടനം പുറത്തെടുക്കാതെ പറ്റില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി. അല്ലാതെ അദ്ദേഹം എംഎസ് ധോണിയാണെന്നതുകൊണ്ട് മാത്രം ടീമില്‍ സ്ഥാനം ഉറപ്പാവില്ല. മനീഷ് പാണ്ഡെയെപ്പോലുള്ള കളിക്കാര്‍ പുറത്തുകാത്തുനില്‍ക്കുന്നുണ്ട്. ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ദിനേശ് കാര്‍ത്തിക്കിനോട് സെലക്ടര്‍മാര്‍ കാണിച്ചത് അനീതിയാണെന്നും ഗംഭീര്‍ വ്യക്തമാക്കി. ലഭിച്ച അപൂര്‍വം അവസരങ്ങളിലെല്ലാം കാര്‍ത്തിക് തിളങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ധോണിയുടെ ബാക് അപ് എന്ന നിലയില്‍ കാര്‍ത്തിക്കിനെ പരിഗണിക്കണമെന്നും ഗംഭീര്‍ പറഞ്ഞു.