വിരമിച്ച ശേഷവും പരസ്പരം അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ പലരും. ഒരേ കാലഘട്ടത്തില്‍ ഇന്ത്യയ്ക്കായി ജഴ്‌സിയണിഞ്ഞവര്‍ അവരുടെ കളിക്കളം സ്‌റ്റേഡിയത്തിന് പുറത്തേക്ക് മാറ്റി എന്നു മാത്രം. ഡ്രസിങ് റൂമിലെ തമാശകളും ചില രഹസ്യങ്ങളും പരസ്യമായി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
അത്തരത്തില്‍ ട്വിറ്ററില്‍ താരങ്ങള്‍ നടത്തുന്ന തീപാറുന്ന ഷോട്ടുകളെക്കാള്‍ ചൂടേറിയ സംഭാഷണങ്ങളാണ് ഇവിടെ ചര്‍ച്ചയാകുന്നത്. ശനിയാഴ്ച ജന്മദിനം ആഘോഷിച്ച മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന് ആശംസകളുമായി വി.വി.എസ് ലക്ഷ്മണ്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രസകരമായ സംഭാഷണം തുടങ്ങുന്നത്.
ഗംഭീറിന്റെ ചെവിയില്‍ രഹസ്യം പറയുന്ന സെവാഗിന്റെ ചിത്രത്തോടൊപ്പം 'സന്തോഷകരമായ ജന്മദിനാശംസകള്‍ നേരുന്നു, ഈ വര്‍ഷം നന്നായിരിക്കട്ടെ, എന്ന കുറിപ്പും ലക്ഷ്മണ്‍ ട്വീറ്റ് ചെയ്തു.
താങ്കളുടെ ആശംസയ്ക്ക് തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം നല്‍കുന്നതായി ഗൗതം ഗംഭീര്‍ മറുപടിയും നല്‍കി. എന്നാല്‍ ഈ ട്വീറ്റിലൂടെ തീരേണ്ടിയിരുന്ന ആശംസ സന്ദേശത്തിന് ലക്ഷ്മണിന്റെ കുറുമ്പ് കലര്‍ന്ന ചോദ്യം വീണ്ടും ജീവന്‍ നല്‍കി. ' അത്ഭുതം എന്താണ് വീരു ഗൗതിയുടെ കാതില്‍ മന്ത്രിക്കുന്നത്.. ആര്‍ക്കെങ്കിലും അറിയുമോ...'-ലക്ഷ്മണ്‍ ട്വീറ്റ് ചെയ്തു.
ഇതിന് ഗംഭീര്‍ നല്‍കിയ മറുപടി എല്ലാവരെയും ഞെട്ടിച്ചു. വീരു താങ്കളെ കുറിച്ചുള്ള വലിയ രഹസ്യം എന്നോട് പറയുകയായിരുന്നു. ഭാര്യ ട്വിറ്ററില്‍ ഇല്ലെങ്കില്‍ ഞാന്‍ അത് ഇവിടെ വെളിപ്പെടുത്താം.. ഞാന്‍ പറയട്ടെ...? എന്നായിരുന്നു ഗംഭീര്‍ നല്‍കിയ മറുപടി. ഇതിന് ലക്ഷ്മണ്‍ മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ താരങ്ങളുടെ ട്വിറ്റര്‍ തമാശയ്ക്ക് മികച്ച പ്രതികരണമാണ് ആരാധകരും നല്‍കുന്നത്.
