ബെര്‍ലിന്‍: ജര്‍മ്മന്‍ ഫുട്ബോള്‍ ടീം നായകന്‍ ബാസ്റ്റിന്‍ ഷ്വെയിന്‍സ്റ്റീഗറിന് രാജ്യാന്തര ഫുട്ബോളിൽ നിന്ന് ജയത്തോടെ വിടവാങ്ങി. ഫിന്‍ലന്‍ഡിനെതിരായ സൗഹൃദ മത്സരത്തില്‍ ജര്‍മ്മനി മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ജയിച്ചുകയറിയത്. ആറുപത്തി ആറാം മിനിറ്റിൽ ഷ്വെയിന്‍സ്റ്റീഗറെ കോച്ച് പിന്‍വലിച്ചപ്പോള്‍ കാണികളെല്ലാം എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ജര്‍മ്മന്‍ നായകനെ യാത്രയാക്കിയത്.

മത്സരത്തിന് മുന്‍പ് നടന്ന പ്രത്യേക ചടങ്ങിലും, ഷ്വെയിന്‍സ്റ്റീഗര്‍ വികാരാധീനനായി. ജര്‍മ്മനിക്കായി 121 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഷ്വെയിന്‍സ്റ്റീഗര്‍
2014ൽ ലോകകപ്പ് നേടിയ ടീമിലംഗവുമായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമാണ് നിലവില്‍ ഷ്വെയിന്‍സ്റ്റീഗര്‍. യൂറോ കപ്പിലെ തോല്‍വിക്കു പിന്നാലെയാണ് ഷ്വെയിന്‍സ്റ്റീഗര്‍ രാജ്യാന്തര ഫുട്ബോളില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്.