മോസ്കോ: കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോളില്‍ ലോക ചാംപ്യന്മാരായ ജര്‍മ്മനിക്ക് ജയത്തോടെ തുടക്കം. പൊരുതിക്കളിച്ച ഓസ്‍ട്രേലിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജര്‍മ്മനി കീഴടക്കി. ആദ്യ പകുതിയില്‍ ജര്‍മ്മനി 2-1ന് മുന്നിലായിരുന്നു.

2016ലെ യൂറോ കപ്പിനുശേഷം ജര്‍മ്മനിക്കെതിരെ ഒരു ടീം ആദ്യമായാണ് രണ്ട് ഗോള്‍ നേടുന്നത്.ഒന്നാം പകുതിയില്‍ നിറംമങ്ങിപ്പോയ ഓസ്‌ട്രേലിയ രണ്ടാം പകുതിയില്‍ ഉജ്വലമായി തിരിച്ചുവരുന്നതാണ് കണ്ടത്. നിരവധി മികച്ച നീക്കങ്ങള്‍ അവരില്‍ നിന്നുണ്ടായി. കളി തീരാന്‍ നാല് മിനിറ്റുള്ളപ്പോള്‍ ഓസ്‌ട്രേലിയ പരിചയസമ്പന്നനായ ടിം കാഹിലിനെ ഇറക്കിയെങ്കിലും സമനില നേടാനായില്ല. അവസാന നിമിഷം അവര്‍ കഷ്‌ടിച്ചാണ് ടിമൊ വെര്‍ണറിന്റെ ഒരു ഗോള്‍ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

അഞ്ചാം മിനിറ്റില്‍ തന്നെ സ്റ്റിന്‍ഡലിന്റെ ഗോളിലാണ് ജര്‍മനി ആദ്യം മുന്നിലെത്തിയത്. എന്നാല്‍, 41-ാംമിനിറ്റില്‍ റൊജിക് ജര്‍മനിയെ ഞെട്ടിച്ച് ഓസ്‌ട്രേലിയയെ ഒപ്പമെത്തിച്ചു. എന്നാല്‍ 44-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജര്‍മനിയെ വീണ്ടും മുന്നിലെത്തിച്ചു.48-ാം മിനിവില്‍ ഗൊരെറ്റ്‌സ്‌ക ജര്‍മനിയുടെ ലീഡ് വീണ്ടും ഉയര്‍ത്തി. എന്നാല്‍, 56-ാം മിനിറ്റില്‍ യൂറിച്ച് ഓസ്‌ട്രേലിയക്കുവേണ്ടി ഒരു ഗോള്‍ കൂടി നേടി ലോക ചാമ്പ്യന്മാരെ ഒരിക്കല്‍ക്കൂടി ഞെട്ടിച്ചു. വീഡിയോയുടെ സഹായം കൊണ്ടാണ് ഈ ഗോള്‍ റഫറി അംഗീകരിച്ചത്.