സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തും ഉപനായകന്‍ ഡേവിഡ് വാര്‍ണറും ദേശീയ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടിം പെയ്‌ന്‍. താരങ്ങളുടെ മടങ്ങിവരവ് സംബന്ധിച്ച് തനിക്ക് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. വിലക്ക് നേരിടുന്ന മൂന്ന് താരങ്ങള്‍ക്കും വീണ്ടും അവസരം നല്‍കി ആരാധകര്‍ കയ്യടികളോടെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടിം പെയ്‌ന്‍ വ്യക്തമാക്കി.

ഓസ്‌‌ട്രേലിയയിലെ മറ്റ് താരങ്ങള്‍ക്കുള്ള അതേ പരിഗണന സ്‌മിത്തിനും വാര്‍ണറിനും ബാന്‍ക്രോഫ്‌റ്റിനും ആരാധകര്‍ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും പെയ്‌ന്‍ പറഞ്ഞു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റിന്‍റെ വിലക്ക് അവസാനിച്ചിട്ടുണ്ട്. വിലക്ക് അവസാനിച്ചതോടെ ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്‌കോച്ചേര്‍സിനായി താരം പാഡണിഞ്ഞിരുന്നു. ഇതേസമയം സ്മിത്ത്- വാര്‍ണര്‍ സഖ്യത്തിന്‍റെ വിലക്ക് മാര്‍ച്ച് 29നാണ് അവസാനിക്കുക.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് നാണക്കേടുണ്ടാക്കിയ പന്ത് ചുരണ്ടല്‍ വിവാദം അരങ്ങേറിയത്. തുടര്‍ന്ന് സ്മിത്തിനെയും വാര്‍ണറെയും 12 മാസത്തേക്കും ബാന്‍ക്രോഫ്‌റ്റിനെ ഒമ്പത് മാസത്തേക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കുകയായിരുന്നു.